കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഷൈന്‍ ടോം ചാക്കോ, ബ്ലസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, സ്‌നേഹ ബാബു, സിന്‍സി ബാബു എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണു ജാമ്യം നല്‍കിയത്. പ്രതികളെല്ലാവരും പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, ആഴ്ചയിലൊരു ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം, ഒന്നാം പ്രതി രേഷ്മ രംഗസ്വാമി എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം. എന്നിവയാണു പ്രധാന ജാമ്യോപാധികള്‍. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണു ജാമ്യം അനുവദിച്ചത്.
കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നതു മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതു കോടതി തള്ളി. പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പ്രതികള്‍ അറസ്റ്റിലായിട്ടു ചൊവ്വാഴ്ച 60ദിവസം തികയുകയാണ്. അറുപതു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാനുള്ള സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇതു തടയുന്നതിനായി പോലീസ് തിങ്കളാഴ്ച ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഈ നീക്കം ഫലം കണ്ടില്ല.
ജനുവരി 31നാണു കൊച്ചിയില്‍ വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ നിന്നും ഇവരെ പോലീസ് പിടികൂടിയത്. ഇവരുടെ കൈയില്‍നിന്നും കെക്കെയ്‌നും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കു ഗോവയില്‍ നിന്നും കൊക്കെയ്ന്‍ എത്തിച്ചു നല്‍കിയ മറ്റു മൂന്നുപേര്‍കൂടി പിടിയിലായിരുന്നു.