കൊച്ചി ഏകദിനം: പ്രതിസന്ധി പരിഹരിച്ചെന്ന് ബിസിസിഐ

കൊച്ചി: കൊച്ചി ഏകദിനം സംബന്ധിച്ച ആശങ്ക ഒഴിഞ്ഞു. വെസ്റ്റിന്‍ഡീസ് ടീമിലെ തര്‍ക്കം പരിഹരിച്ചതായി ബിസിസിഐ – കെസിഎ അധികൃതര്‍ വ്യക്തമാക്കി. 11.30ഓടെ വെസ്റ്റിന്‍ഡീസ് ടീം ഗ്രൗണ്ടിലിറങ്ങുമെന്ന് കെസിഎ വ്യക്തമാക്കി. വെസ്റ്റിന്‍ഡീസ് ടീം അല്‍പ സമയത്തിനകം യോഗം ചേരും. ഈ യോഗത്തിലായിരിക്കും ടീം അംഗങ്ങളുടെ അന്തിമ തീരുമാനം വ്യക്തമാക്കുക.

വെസ്റ്റിന്‍ഡീസ് ടീമില്‍ വേതനത്തെ ചൊല്ലി ടീമംഗങ്ങളും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ തര്‍ക്കത്തേ തുടര്‍ന്ന് മത്സരം അനിശ്ചിതത്വത്തിലാക്കിയിരുന്നു. പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. പ്രതിസന്ധിയുള്ളതായി സ്ഥിരീകരിച്ചുകൊണ്ട് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറുപ്പില്‍ പുറത്തിറക്കിയിരുന്നു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുമായി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് ബിസിസിഐ നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ കബളിപ്പിക്കുകയാണെന്ന് ടീം ക്യാപ്റ്റന്‍ ബ്രാവോ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ടീം അംഗങ്ങളുടെ ആത്മവീര്യം നഷ്ടപ്പെട്ടുവെന്ന് ബ്രാവോ ട്വീറ്റില്‍ പറയുന്നു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരോടും മാപ്പ് പറഞ്ഞുകൊണ്ട് എഴുതിയ ട്വീറ്റില്‍ ബിസിസിഐയോടും ക്ഷമ ചോദിക്കുന്നുണ്ട്.

വേതനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വിന്‍ഡീസ് ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ക്യാപ്റ്റന്റെ പതിവുള്ള വാര്‍ത്താ സമ്മേളനവും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ രാത്രി കനത്ത മഴ പെയ്തത് കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ മഴ വിട്ടു നില്‍ക്കുന്നത് സംഘാടകര്‍ക്കും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നതിനിടെയായിരുന്നു പുതിയ പ്രതിസന്ധി.

Top