കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടം ജുഡീഷ്യല്‍ അന്വേഷണത്തിന് വിടണമെന്ന് പ്രതിപക്ഷ നിലപാടിന് പിന്നില്‍ കോര്‍പറേഷന്‍ ഭരണം തിരിച്ച് പിടിക്കുക എന്ന ‘ദൗത്യം’ .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചി കോര്‍പറേഷന്‍ ഭരണം കയ്യാളുന്ന യുഡിഎഫിന് രാഷ്ട്രീയപരമായി വലിയ വെല്ലുവിളിയാണ് ഇടത് സമരം ഉയര്‍ത്തുന്നത്.
പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ വസ്തുത പുറത്ത് വരൂ എന്ന് ചൂണ്ടിക്കാട്ടി അനിശ്ചിതകാല സമരം നടത്തുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഇന്നും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
തുടര്‍ച്ചയായി കോര്‍പറേഷന്‍ ഭരണം സ്തംഭിപ്പിച്ച് നടക്കുന്ന സമരത്തിന് വ്യാപകമായി ലഭിക്കുന്ന വാര്‍ത്താ പ്രചാരണം യുഡിഎഫിനിപ്പോള്‍ തലവേദനയായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധം ബോട്ട് ദുരന്തമാകുമെന്നതിനാല്‍ അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം.
മേയര്‍സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്ത സാഹചര്യത്തില്‍ സ്ഥാന മോഹികളായവര്‍ ഗ്രൂപ്പ് പിന്‍ബലത്തില്‍ രംഗത്തിറങ്ങിയത് തലവേദനയായിരിക്കെയാണ് അപ്രതീക്ഷിതമായ ഇടത് നീക്കം.
കൊച്ചി കോര്‍പറേഷനില്‍ ആകെയുള്ള 74 കൗണ്‍സിലര്‍മാരില്‍ യുഡിഎഫിന് 48ഉം ഇടതുപക്ഷത്തിന് 24ഉം കൗണ്‍സിലര്‍മാരാണ് ഉള്ളത്. ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് ഇവിടെ രണ്ട് കൗണ്‍സിലര്‍മാരുണ്ട്.
കഴിഞ്ഞ തവണ ‘ഐ’ ഗ്രൂപ്പിന് നീക്കിവെച്ച മേയര്‍സ്ഥാനം ‘ഐ’ ഗ്രൂപ്പ് നേതാവ് വേണുഗോപാല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ‘എ’ ഗ്രൂപ്പിന് ലഭിക്കുകയായിരുന്നു. ‘എ’ ഗ്രൂപ്പിലെ ടോണി ചമ്മണിയാണ് നിലവിലെ മേയര്‍.
വരുന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കുന്ന കോണ്‍ഗ്രസിലെ ‘ഐ’ ഗ്രൂപ്പ്, ഇത്തവണ തങ്ങള്‍ക്ക് മേയര്‍ പദവി കിട്ടണമെന്ന വാശിയിലാണ്. ഇരുവിഭാഗത്തിന്റെയും വാശിക്ക് ‘മാറ്റ് കൂട്ടാന്‍’ മേയര്‍ പദവി മോഹികളായ വനിതാ നേതാക്കളും സജീവമായി രംഗത്തുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹത്തോടെ നില്‍ക്കുന്ന പത്മജ വേണുഗോപാലിന് മേയര്‍ പദവി ഉറപ്പ് നല്‍കിയാല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന.
പത്മജ വേണുഗോപാലടക്കം മേയര്‍ പദവി ആഗ്രഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, കെപിസിസി ജനറല്‍ സെക്രട്ടറി ലാലി വിന്‍സന്റ് എന്നിവരും ‘ഐ’ ഗ്രൂപ്പുകാരായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഭരണം ലഭിച്ചാല്‍ മേയര്‍ തെരഞ്ഞെടുപ്പും ‘ഐ’ ഗ്രൂപ്പിനാണ് വലിയ തലവേദനയാവുക.
‘എ’ ഗ്രൂപ്പ് പ്രതിനിധിയായി നിലവിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൗമിനി ജയിനാണ് രംഗത്തുള്ളത്. ‘എ’ ഗ്രൂപ്പിന്റെ ഒറ്റക്കെട്ടായ പിന്‍തുണയുണ്ടെന്നതും റിബല്‍ ശല്യം ഗ്രൂപ്പിനുള്ളില്‍ ഇല്ലെന്നതും സൗമിനിക്ക് ആശ്വാസം പകരുന്നതാണ്.
മേയര്‍ സ്ഥാനം ‘ഐ’ ഗ്രൂപ്പിന് വിട്ടുകൊടുക്കുകയാണെങ്കില്‍ ഡെപ്യൂട്ടി മേയര്‍ പദവി സ്ഥാനത്തേക്ക് ‘എ’ ഗ്രൂപ്പിലെ തന്നെ വനിതക്ക് സാധ്യതയില്ലാത്തതിനാല്‍ മേയര്‍ പദവി ലക്ഷ്യമിട്ടാണ് സൗമിനി വിഭാഗത്തിന്റെ നീക്കം.
ഇരു ഗ്രൂപ്പുകള്‍ക്കും വെല്ലുവിളിയായി കൗണ്‍സിലറായ ഗ്രേസി ജോസഫും ശക്തമായി മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്. മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് വിഭാഗത്തിന്റെ പിന്‍തുണ ഗ്രേസിക്കാണെന്നാണ് സൂചന.
ഗ്രൂപ്പ് വടംവലി മൂലം കോര്‍പറേഷന്‍ ഭരണം കൈവിട്ട് പോകാതിരിക്കാന്‍ കെപിസിസി നേതൃത്വം നേരിട്ട് ഇടപാട് നടത്തുന്ന ഘട്ടത്തിലാണ് വിജയ പ്രതീക്ഷകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഇടതുസമരം കത്തിപ്പടര്‍ന്നത്.
സൗത്ത്‌സോണ്‍ എഡിജിപി പത്മകുമാര്‍ നടത്തുന്ന അന്വേഷണം വിശ്വാസ യോഗ്യമല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.
സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാല്‍നടയായി കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിപക്ഷം സമരത്തിന് തുടക്കമിട്ടത്.
വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലെ കോര്‍പറേഷന്‍ ഭരണം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഈ സാഹചര്യത്തില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് വരെ ബോട്ടപകട വികാരം കത്തിച്ച് നിര്‍ത്താന്‍ തന്നെയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ തീരുമാനം.