കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് നാളെ തുടക്കം

കൊച്ചി: രണ്ടാമത് കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. ലോകാന്തരങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ബിനാലെയില്‍ 52 വിദേശികളടക്കം 94 കലാകാരന്മാരുടെ 100 സൃഷ്ടികള്‍ അണിനിരക്കുന്ന, കലയുടെ കാണാപ്പുറങ്ങള്‍ തുറക്കുന്ന 108 ദിവസങ്ങളാണ് കടന്നു വരുന്നത്. ഫോര്‍ട്ട്‌കൊച്ചിയിലെ ചരിത്രമുറങ്ങുന്ന ആസ്പിന്‍വാള്‍ ഹൗസ് തന്നെയാണ് ഇത്തവണയും ബിനാലെയ്ക്കു പ്രധാന വേദി.

സര്‍ക്കാരിന്റെയും സ്വകാര്യ സംരംഭകരുടെയും സാമ്പത്തിക പിന്തുണയോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ എട്ടു പ്രധാന വേദികളിലാണു നടക്കുന്നത്. സമാന്തരമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും സമീപ ജില്ലയായ തൃശൂരിലും വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിക്കും.

കലാവിന്യാസങ്ങളും പെയിന്റിംഗുകളും ശില്‍പങ്ങളും ഉള്‍പ്പെടെ ചെറുതും വലുതുമായ സ്ഥല കേന്ദ്രീകൃത സൃഷ്ടികളാണു ബിനാലെയില്‍ ഉണ്ടാകുക. മുംബൈ കേന്ദ്രമാക്കി കലാപ്രവര്‍ത്തനം നടത്തുന്ന ജിതീഷ് കല്ലാട്ട് ആണ് ഇക്കുറി ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്.

Top