വികസനത്തിനനുസരിച്ച് റോഡുകളില്‍ വണ്ടികള്‍ കൂടുമ്പോള്‍ അടിസ്ഥാനസൗകര്യം എത്രകണ്ട് മെച്ചപ്പെട്ടാലും പാര്‍ക്കിങ് എന്നത് വലിയ വെല്ലുവിളി തന്നെയാണ്. അപ്പോള്‍ ഇതിനൊരു പരിഹാരമായി ആധുനിക വാഹനലോകം കാണുന്നത് ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ഇലക്ട്രിക്ക് ചെറുകാറുകളെയാണ്. ഇതിനായി ഇന്നൊവേറ്റീവ് മൊബിലിറ്റി ഓട്ടോമൊബൈല്‍(ഐ.എം.എ) അണിയിച്ചൊരുക്കുന്നു കൊലിബ്രി എന്ന ഇലക്ട്രിക്ക് കാര്‍. ഈ ശ്രേണിയില്‍ റെനോ അവതരിപ്പിച്ച ട്വിസി എന്ന ഇലക്ട്രിക്ക് കാറിന് ശേഷം അടുത്ത അത്ഭുതമായി അവതരിക്കാനൊരുങ്ങുകയാണ് ഐ ഐ എ കൊലിബ്രിയെ.
കോലിബ്രി എന്ന കുരുവിയുടെ തന്നെ പേര് കാറിന് ഇടാന്‍ കാരണം ഇരുവര്‍ക്കുമിടയിലുള്ള സാമ്യമാണെന്ന് ഐ.എം.എ പറയുന്നു. കോലിബ്രി കുരുവികളെപ്പോലെ കോലിബ്രി കാറുകളും വളരെ ചെറുതും അതേസമയം, അതിവേഗം സഞ്ചരിക്കുന്നവയുമാണ്.
കാറിന്റെ ഫീച്ചറുകളിലേക്ക് വരുമ്പോഴും ട്വിസിക്ക് ഒട്ടും പിന്നിലല്ല കോലിബ്രി. 50 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടോറാണ് കാറിന് ശക്തി പകരുന്നത്. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കോലിബ്രിക്ക് കേവലം 9.9 സെക്കന്റ് മതി. 120 കിലോമീറ്ററാണ് പരമാവധി വേഗം. കോലിബ്രിയുടെ ലിത്തിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി മുഴുവാനായും ചാര്‍ജ്ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മാത്രം മതി. ഒറ്റ റീച്ചാര്‍ജ്ജില്‍ 110 കിലോമീറ്ററോളം സഞ്ചരിക്കാനും കൊലിബ്രിക്ക് ആവും.
കൊലിബ്രി കാറുകള്‍ക്ക് കേവലം 9 മീറ്റര്‍ നീളവും 4 അടി വീതിയുമാണുള്ളത്. ഉയരം നാലര അടി. വില 12,500 ഡോളര്‍ (7,68,874 രൂപ). ഇത് ഇന്ത്യക്കാര്‍ക്ക് കൂടുതലായി തോന്നാമെങ്കിലും യൂറോപ്യന്‍ വിപണിയെ സംബന്ധിച്ച് വലിയ വിലയല്ല. റെനോയുടെ ട്വിസിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വിലയടക്കമുള്ള കാര്യങ്ങളില്‍ ഒത്ത എതിരാളിയാണ് കോലിബ്രി. 2016ല്‍ ജര്‍മ്മിയില്‍ മാത്രമാവും കാര്‍ ലഭ്യമാവുക. എന്നാല്‍ വര്‍ഷാവസാനത്തോടെ മറ്റു രാജ്യങ്ങളിലും കാര്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐ.എം.എ.
സ്വകാര്യ ഉപഭോക്താക്കളില്‍ നിന്ന് ഇതിനോടകം 1,200 കാറുകള്‍ക്കായുള്ള ഓര്‍ഡര്‍ ഐ.എം.എക്ക് ലഭിച്ചു കഴിഞ്ഞു. കൊലിബ്രി കാറുകള്‍ വില്‍ക്കാനുള്ള ലൈസന്‍സിനായി ബ്രസീല്‍, അമേരിക്ക, ഓസട്രേലിയ അടക്കം വിവിധ രാജ്യങ്ങളിലെ ഡീലര്‍മാര്‍ അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.