കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തിലെ ഹൃദയഭാഗത്ത് വ്യാജ കറന്‍സി അച്ചടി കേന്ദ്രം കണ്ടെത്തി. കാന്കുര്ഗാച്ചിയിലെ അച്ചടിശാലയില്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ മാത്രമല്ല, വിദേശ രാജ്യങ്ങളുടെ വ്യാജ നോട്ടുകളും അടിക്കുന്നുണ്ട്. മൂന്ന് നില പാര്‍പ്പിട സമുച്ചയത്തില്‍ കണ്ടെത്തിയ ഈ വ്യാജ കറന്‍സി അച്ചടി കേന്ദ്രം (കമ്മട്ടം) ചുരുങ്ങിയത് അഞ്ച് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്നതായി പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അടക്കമുള്ള എല്ലാ കേന്ദ്ര ഏജന്‍സികളുടെയും സഹകരണം പോലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും റിസര്‍വ് ബേങ്കിനേയും ജാഗ്രത്താക്കിയിട്ടുണ്ട്.
ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിച്ച് ബംഗ്ലാദേശ് അതിര്‍ത്തി വഴി (മാള്‍ഡ വഴി) രാജ്യത്തേക്ക് കടത്തിക്കൊണ്ടുവരിക മാത്രമല്ല രാജ്യത്തിനകത്ത് തന്നെ അച്ചടിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നത് സുരക്ഷാ ഏജന്‍സികളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. വിദേശ കറന്‍സിയും ഇവിടെ നിര്‍മിക്കുന്നുണ്ടെങ്കില്‍ അത് വാങ്ങാന്‍ ഇവിടെത്തന്നെ ആള്‍ക്കാരുണ്ടെന്നത് തീര്‍ച്ചയാണ്. കറന്‍സി നിര്‍മിക്കാന്‍ അസംസ്കൃത വസ്തുക്കളും വിദേശ കറന്‍സി തയ്യാറാക്കാന്‍ ആവശ്യമായ ഡിസ്ക്കുകളും വേണ്ടതുണ്ട്. വ്യാജ കറന്‍സി അച്ചടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഒരു വന്‍ ഗൂഢസംഘംതന്നെ രംഗത്തുണ്ടാകണം. അതിന് അന്താരാഷ്ട്ര ബന്ധങ്ങളുമുണ്ടായിരിക്കണം. ഈ സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം അത്യാവശ്യമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പ്രത്യേക ദൗത്യ സംഘം നടത്തിയ അന്വേഷണത്തില്‍ ചന്ദ്രശേഖര്‍ ജയ്സ്വാള്‍ എന്നയാളില്‍ നിന്ന് 1000 രൂപയുടെ 200 വ്യാജ നോട്ടുകള്‍ കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് അയാളുടെ ഹൗറയിലെ ഒരു ഗോഡൗണില്‍ നിന്ന് പത്ത് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ കണ്ടെടുത്തു.