കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക മികച്ച നിലയില്‍.
മൂന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 165/4 എന്ന നിലയിലാണ്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 172 മറികടക്കാന്‍ ലങ്കയ്ക്ക് ഇനി എട്ട് റണ്‍സ് മാത്രം മതി.
അര്‍ധ സെഞ്ചുറി നേടിയ ലഹിരു തിരുമാനം (51), ആഞ്ചലോ മാത്യൂസ് (52) എന്നിവരാണ് ലങ്കയെ മികച്ച നിലയില്‍ എത്തിച്ചത്.
കളി നിര്‍ത്തുമ്പോള്‍ 13 റണ്‍സോടെ നായകന്‍ ദിനേശ് ചാണ്ഡിമലും 14 റണ്‍സോടെ നിരോഷന്‍ ഡിക് വെല്ലയുമാണ് ക്രീസില്‍.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും രണ്ടു വീതം വിക്കറ്റുകള്‍ നേടി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് മൂന്നാം ദിനം ഉച്ചഭക്ഷണത്തോടെ അവസാനിച്ചിരുന്നു.
അര്‍ധ സെഞ്ചുറി (52) നേടിയ ചേതേശ്വര്‍ പൂജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നിന്നത്. പൂജാരയ്ക്ക് ശേഷം 29 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
രവീന്ദ്ര ജഡേജ 22 റണ്‍സും, മുഹമ്മദ് ഷമി 24 റണ്‍സും നേടി പുറത്തായി.
എന്നാല്‍, ആറ് റണ്‍സോടെ ഉമേഷ് യാദവ് പുറത്താകാതെ നിന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ സുരങ്ക ലക്മലാണ് ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാരെ തകര്‍ത്തു കളഞ്ഞത്.
ലഹിരു ഗാമേജ്, ദിമുത് കരുണരത്‌നെ, ദില്‍റുവാന്‍ പെരേര എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും നേടി.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ആദ്യ രണ്ടു ദിവസത്തിന്റെ ഭൂരിഭാഗവും മഴയെത്തുടര്‍ന്ന് മത്സരം തടസ്സപ്പെട്ടിരുന്നു.