കൊളംബോ: കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 87 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ 393 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 306 റണ്‍സിന് ഓള്‍ ഔട്ടായി.
ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിന്റെ (102) സെഞ്ച്വറിയും ലാഹിരു തിരുമന്നെയുടെ (62) അര്‍ധസെഞ്ച്വറിയുമാണ് ലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിനെ (2) തുടക്കത്തിലേ നഷ്ടമായി. ലോകേഷ് ദമ്മിക പ്രസാദിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ഇന്ന് മൂന്നിന് 140 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്കയെ മാത്യൂസ്-തിരുമന്നെ സഖ്യം 241 റണ്‍സ് വരെ എത്തിച്ചു. നാലാം വിക്കറ്റില്‍ 127 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ തിരുമന്നെ പുറത്തായ ശേഷം ദിനേശ് ചണ്ഡിമലും (11) ജെഹാന്‍ മുബാറക്കും (22) കാര്യമായ സംഭാവനകള്‍ നല്‍കാതെ പുറത്തായതോടെ ലങ്കയുടെ ഇന്നിങ്‌സ് പ്രതീക്ഷിച്ചതിലും ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.
43 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. രവി അശ്വിനും ഇശാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമേശ് യാദവിനും സ്റ്റുവര്‍ട്ട് ബിന്നിക്കും ഓരോ വിക്കറ്റുണ്ട്