കൊളംബോ: കൊളംബോ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സെന്ന ആദ്യ ഇന്നിങ്‌സ് സ്‌കോറിനെതിരെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ് അവര്‍. ലാഹിരു തിരുമന്നെയും (28) ആഞ്ചലോ മാത്യൂസുമാണ് (19) ക്രീസില്‍.
ശ്രീലങ്ക ഓപ്പണര്‍ കരുണരത്‌നെയെ (1) തുടക്കത്തിലേ ഉമേശ് യാദവ് മടക്കി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന കൗശല്‍ സില്‍വ (51)സംഗക്കാര (32) സഖ്യം രണ്ടാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
32 റണ്‍സെടുത്ത സംഗക്കാരയെ പുറത്താക്കി രവി അശ്വിനാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്. അവസാന ടെസ്റ്റിനിറങ്ങിയ സംഗ ബാറ്റിങ്ങിന് എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്.
സൂക്ഷ്മതയോടെ മുന്നേറിയ കൗശല്‍ സില്‍വയെ അമിത് മിശ്ര മടക്കിയെങ്കിലും പിന്നീട് കൂടുതല്‍ നഷ്ടം കൂടാതെ തിരുമന്നെയും ആഞ്ചലോ മാത്യൂസും രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.