കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ നേതാവായി തിരഞ്ഞെടുത്തത്. 87 അംഗ പുതിയ സംസ്ഥാന കമ്മിറ്റിക്കും പാര്‍ട്ടി അംഗീകാരം നല്‍കി.സംസ്ഥാന കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് ഉചിതമായ തീരുമാനമെടുക്കാനാണിതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സെക്രട്ടറി സ്ഥാനത്തേക്ക് ഇപി ജയരാജന്റെ പേരും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കേന്ദ്ര നേതാക്കള്‍ കോടിയേരി മതി
യെന്ന നിലപാടെടുക്കുകയായിരുന്നു. 16 വര്‍ഷത്തെ സേവനത്തിന് ശേഷം പിണറായി വിജയന്‍ ഒഴിഞ്ഞതോടെയാണ് കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

സിപിഎമ്മിന്റെ ചരിത്രത്തിലെ എട്ടാമത്തെ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തത്.

1953 നവംബര്‍ 16നു കണ്ണൂര്‍ ജില്ലയിലെ കോടിയേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. കോടിയേരി ഹൈസ്‌കൂള്‍, തിരുവനന്തപുരം എംജി കോളജ്, മാഹി യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിരുദധാരിയാണ്.

1970-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1973 മുതല്‍ 1979 വരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. രാഷ്ട്രീയ എതിരാളികളുടെയും പൊലീസിന്റെയും പീഡനങ്ങള്‍ക്കു നിരവധി തവണ വിധേയനായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തു മിസ നിയമപ്രകാരം 16 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു.

1980 മുതല്‍ 1982 വരെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, ട്രേഡ് യൂണിയന്‍ ഭാരവാഹി, സിപിഎം ജില്ലാ സെക്രട്ടറി, നാലു തവണ നിയമസഭാ അംഗം, 1982, 1987, 2001, 2006, അഞ്ചാം തവണയായി നിലവിലും നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്നു. മുത്തങ്ങ സമരത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസം നടത്തി. മുന്‍ ആഭ്യന്തര-ടൂറിസം മന്ത്രിയായി പ്രവര്‍ത്തിച്ച 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ പോലീസിനെ ആധുനികവല്‍ക്കരിക്കുന്നതിനു സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. 2001-ല്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വഹിച്ച അദ്ദേഹം നിലവിലും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വഹിച്ചു വരുന്നു. 2008-ല്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തു.

Top