കോണ്‍ഗ്രസില്‍ നേതൃമാറ്റ നീക്കം; ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ ചെന്നിത്തല ഹൈക്കമാന്റില്‍

ന്യൂഡല്‍ഹി: കേരളത്തിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

നേതൃമാറ്റമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യമാണ് ചെന്നിത്തല സോണിയക്കു പുറമെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. ഇതിനു പുറമെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പി.സി ചാക്കോ അടക്കമുളള കേരള നേതാക്കളെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിഛായ ഏറ്റവും മോശമായത് നേതൃത്വം ഗൗരവത്തോടെ കാണണമെന്നും നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോല്‍വിയും ഭരണനഷ്ടവും സംഭവിക്കുമെന്നാണ് ചെന്നിത്തല ഹൈക്കമാന്റിനെ ധരിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പേഴസണല്‍ സ്റ്റാഫംഗങ്ങള്‍ പ്രതികളായ സരിത, സോളാര്‍ അഴിമതിക്കു പിന്നാലെ ഗണ്‍മാന്‍ പ്രതിയായ ഭൂമിതട്ടിപ്പ്, ബാര്‍ കോഴ ക്കേസ് എന്നിവയിലൂടെ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. അഴിമതിക്കെതിരായ ജനവികാരം കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിനു മുമ്പ് നേതൃമാറ്റം നടത്തി മുഖം രക്ഷിക്കണം. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും സമാന്തര ഭരണമാണ് നടത്തുന്നത്.

ബാര്‍ കോഴക്കേസില്‍ പ്രതിയായിട്ടും രാജിവക്കാതെ ധനമന്ത്രി കെ.എം മാണി വെല്ലുവിളിക്കുകയാണ്. മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി ശക്തമായി രംഗത്തുവരുനന്ത് കോണ്‍ഗ്രസ് അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന പ്രതിഛായയാണ് സൃഷ്ടിക്കുന്നത്.

കോണ്‍ഗ്രസ് ഭരണത്തില്‍ മഹാരാഷ്ട്രയില്‍ അഴിമതി ആരോപണങ്ങളുണ്ടായപ്പോള്‍ മുഖ്യമന്ത്രിമാരെ മാറ്റിയ ഹൈക്കമാന്റ് നിലപാട് കേരളത്തിലും സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബിജെപിയുടെ സ്വാധീനം കേരളത്തില്‍ വര്‍ധിക്കുന്നതും എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള സമുദായ സംഘടനകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിലപാടെടുത്തതും ചൂണ്ടികാട്ടി.

വയലര്‍ രവി മത്സരിക്കുന്നില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ രാജ്യസഭയിലേക്ക് അയക്കണമെന്നും ഒഴിവു വരുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കെ.സുധാകരനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കെ. മുരളീധരനും നല്‍കണമെന്നും ആവശ്യപ്പെട്ടു.

ധനകമ്മീഷന്‍ ശുപര്‍ശ നടപ്പാക്കുന്നതു വഴി കേരളത്തില്‍ പോലീസ് നവീകരണത്തിനുള്ള വിഹിതം കുറയുന്നകാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കാണാനെന്ന വിശദീകരണത്തോടെയാണ് കഴിഞ്ഞയാഴ്ച ചെന്നിത്തല ഡല്‍ഹിയിലെത്തിയത്.

Top