കോണ്‍ഗ്രസും ന്യൂജെന്‍ ആയി; മെംബര്‍ഷിപ്പ് മൊബൈല്‍ ആപ്പിലൂടെ

ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെയും മൊബൈലിലൂടെയും മെംബര്‍ഷിപ്പ് ക്യാംപയ്ന്‍ നടത്തി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിക്കു പിന്നാലെ കോണ്‍ഗ്രസും ഇതേ മാര്‍ഗത്തില്‍ മെംബര്‍ഷിപ്പ് വിതരണം തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അംഗത്വ വിതരണം നടത്തി പാര്‍ട്ടിയിലെ അടിത്തറ ശക്തിപ്പെടുത്താനുള്ള നടപടികളാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഭാര്യ ഗുര്‍ശരണ്‍ കൗറും ചേര്‍ന്ന് മെംബര്‍ഷിപ്പ് ക്യാംപയ്‌നു തുടക്കം കുറിച്ചു. ഡല്‍ഹി പിസിസി അധ്യക്ഷന്‍ അജയ് മാക്കന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ എന്നിവരും സന്നിഹിതരായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ അംഗത്വ ക്യാംപെയ്‌നെന്ന് അജയ് മാക്കന്‍. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പാര്‍ട്ടി അംഗത്വത്തിനായി അപേക്ഷിക്കാമെന്നും അദേഹം അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകുക എന്നത് ഇപ്പോള്‍ വളരെ ലളിതമാണ്. പാര്‍ട്ടി വെബ്‌സൈറ്റില്‍ നിന്നും ഇതിനായുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിക്കാം. ഫെയ്‌സ്ബുക്ക് വഴിയും അംഗത്വത്തിന് അപേക്ഷിക്കാം. ഇനിമുതല്‍ അപേക്ഷാ ഫോമുകളുടെ ലഭ്യത ഒരു പ്രശ്‌നമാവില്ലെന്നും അദേഹം അറിയിച്ചു.

Top