പത്തനംതിട്ടന്മ കോന്നി പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവടക്കം മൂന്നു യുവാക്കള്‍ നിരീക്ഷണത്തില്‍. വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയച്ചു. മറ്റു രണ്ടുപേരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. യുവാക്കള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പെണ്‍കുട്ടികളുമായി നിരന്തരം സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിലെ നമ്പറുകളും വിവരങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു വരികയാണ്.
പെണ്‍കുട്ടികളുടെ തിരോധാന ദിവസം വിദ്യാര്‍ഥി നേതാവ് എറണാകുളത്തും അങ്കമാലിയിലുമായി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിനായി പോയതാണെന്നാണ് യുവാവ് നല്‍കിയിരിക്കുന്ന മൊഴി. ഇയാളുടെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. കോന്നി പൊലീസ് സ്റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശമാണ് യുവാവിന് നല്‍കിയിട്ടുള്ളത്.
അതേസമയം, വീട്ടുകാരും സ്‌കൂള്‍ അധികൃതരുമറിയാതെ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
ഫെയ്‌സ്ബുക്കിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു യുവാക്കളെ പൊലീസ് നിരീക്ഷിക്കുന്നത്. ടാബ്‌ലെറ്റിലെയും ഫെയ്‌സ്ബുക്കിലെയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.