പത്തനംതിട്ട: കോന്നി കല്ലേലിയിലെ ഹാരിസണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍. ഇന്നലെ ലഭിക്കേണ്ട ശമ്പളം പോലും തൊഴിലാളികള്‍ക്ക് ലഭക്കാത്തതിനെ തുടര്‍ന്നാണ് എസ്റ്റേറ്റ് ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
എല്ലാമാസവും 17ന് കിട്ടുന്ന തുച്ഛശമ്പളം മേടിക്കാനാണ് പത്തനംതിട്ട കോന്നി കല്ലേലി എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഇന്നലെ ഓഫീസിലെത്തിയത്. അപ്പോഴാണ് ശമ്പളമില്ലെന്ന വിവരം തൊഴിലാളികള്‍ അറിയുന്നത്.
ഇതോടെ എസ്റ്റേറ്റ് മാനേജരെ അടക്കം തടഞ്ഞ് വച്ച് തൊഴിലാളികള്‍ കുത്തിയിരുപ്പ് സമരം തുടങ്ങി.
ഫണ്ടില്ലാത്തതിനാല്‍ ഈ മാസം 24ന് മാത്രമെ ശമ്പളം നല്‍കൂ എന്നാണ് ഹാരിസന്റെ നിലപാട്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളൊന്നും ഫലം കണ്ടിട്ടില്ല. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമര രൂപങ്ങളിലേക്ക് നീങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.