സാന്റിയാഗോ: ചാമ്പ്യന്‍പട്ടം മോഹിക്കുന്ന ആതിഥേയരായ ചിലിയും കിരീടം നിലനിര്‍ത്താന്‍ ഉറുഗ്വായും കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാനിറങ്ങും. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മത്സരം. ഇതുവരെയുള്ള കളികള്‍ വിലയിരുത്തിയാല്‍ ചിലിക്കാണ് മുന്‍തൂക്കം. സുവാരസ് ഇല്ലെങ്കിലും അപ്രതീക്ഷിത അട്ടിമറികള്‍ക്ക് കോപ്പുള്ളവരാണ് ഉറുഗ്വായ് സംഘം.
ആദ്യമത്സരത്തില്‍ ഇക്വഡോറിനെതിരെ പതറിത്തുടങ്ങുകയും മെക്‌സിക്കോക്കെതിരെ ഫോമിലേക്കെത്തുകയും ചെയ്ത ആതിഥേയര്‍ ബൊളീവിയയ്‌ക്കെതിരെ പുറത്തെടുത്തത് ആക്രമണത്തിന്റെ അവസാനരൂപമാണ്. വിദാലും സാഞ്ചസും പുറത്തുപോയിട്ടും മൂന്ന് ഗോള്‍ നേടാന്‍ കഴിഞ്ഞത് ടീം വലിയ പോരാട്ടങ്ങള്‍ക്ക് സജ്ജമാണെന്നുള്ള പ്രഖ്യാപനമാണ്. യോര്‍ഗെ സാംപോളിയുടെ ടീം സന്തുലിതമാണ്. എല്ലാ മേഖലയിലും മികച്ചകളിക്കാര്‍ അവര്‍ക്കുണ്ട്.
സുവാരസ് ഇല്ലാതെ മൂര്‍ച്ചപോയ ഉറുഗ്വായ് തപ്പിത്തടഞ്ഞാണ് ക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീനയ്‌ക്കെതിരെ തോറ്റമത്സരത്തിലും പാരഗ്വായോട് സമനിലപിടിച്ച കളിയിലും പ്രതിരോധം മാത്രമാണ് മികച്ചകളി കാഴ്ചവെച്ചത്. മുന്നേറ്റത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി ഇതുവരെ ഫോമിലായിട്ടില്ല. രണ്ടാം സ്‌ട്രൈക്കര്‍ ആബേല്‍ ഹെര്‍ണാണ്ടസിനും മികവ് പ്രകടപ്പിക്കാനായിട്ടില്ല.
വിങ്ങില്‍ കളിക്കുന്ന ഡീഗോ റൊളാനാണ് നന്നായി കളിക്കുന്നത്. റൊളാനെ കേന്ദ്രീകരിച്ചാണ് ടീം കളിക്കുന്നത്. അറെവാലോയും കാര്‍ലോ സാഞ്ചസും ഫോമിലേക്കുയര്‍ന്നിട്ടല്ല. 442 ശൈലിയില്‍ കളിക്കുന്ന ടീമിന് ടൂര്‍ണമെന്റില്‍ അവരുടെ പ്രതാപത്തിനൊത്ത ആക്രമണസ്വഭാവം കൈവരിക്കാന്‍ കഴിയാത്തത് മധ്യമുന്നേറ്റനിരകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ്. ഇതിന് കഴിവുള്ള താരം അവരുടെ ടീമിലില്ല.
എന്നാല്‍, ഡീഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള പ്രതിരോധമാണ് നിലവിലെ ചാമ്പ്യന്മാരെ നാണക്കേടില്‍നിന്ന് രക്ഷിക്കുന്നത്. മാക്‌സി പെരേര, അല്‍വാരോ പെരേര, സെബാസ്റ്റ്യന്‍ കോട്ടസ് എന്നിവരാണ് പ്രതിരോധത്തില്‍ കളിക്കുന്നത്. ഫെര്‍ണാണ്ടോ മുസ്ലേര ബാറിന് കീഴില്‍ ഇറങ്ങുമ്പോള്‍ ഗോളടിക്കാന്‍ എതിരാളികള്‍ ബുദ്ധിമുട്ടും.