കോപ്പ അമേരിക്ക : ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പരാഗ്വെ

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ പരാഗ്വേയ്ക്കു ജയം. ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാഗ്വേ തോല്‍പ്പിച്ചത്.

മുപ്പത്തിയാറാം മിനിട്ടില്‍ എഡ്ഗാര്‍ ബെനിറ്റസാണ് പരാഗ്വേയുടെ വിജയഗോള്‍ നേടിയത്. ജമൈക്കന്‍ ഗോള്‍ മുഖത്തെ ലക്ഷ്യമാക്കി വിക്ടര്‍ കതേറസ് പായിച്ച ലോംഗ് റേഞ്ച് ഷോട്ട് ജമൈക്കന്‍ ഗോളി ഡ്വയ്ന്‍ കെര്‍ പെനാല്‍റ്റി ബോക്‌സിനു വെളിയിലെത്തി തട്ടിയകറ്റി. എന്നാല്‍ തക്കംപാര്‍ത്തുനിന്ന ബെനിറ്റെസിന്റെ കാലുകളിലേക്കാണ് ഗോളി തട്ടിയകറ്റിയ പന്ത് എത്തിയത്.

ബെനിറ്റെസിന്റെ ശക്തികുറഞ്ഞ ഇടംകാലടിയില്‍ പന്ത് ജമൈക്കന്‍ ഗോളിയുടെ മുകളിലൂടെ വലയുടെ നടുവില്‍ വിശ്രമിച്ചു. പിന്നീട് ജമൈക്ക ആക്രമണം വര്‍ധിപ്പിച്ചെങ്കിലും ഒന്നും വലകുലുക്കാന്‍ പര്യാപ്തമായിരുന്നില്ല.

ഈ ജയത്തോടെ പരാഗ്വേയ്ക്കു രണ്ടു കളികളില്‍നിന്ന് നാലു പോയിന്റായി. ആദ്യ മല്‍സരത്തില്‍ പരാഗ്വേ, അര്‍ജന്റീനയെ സമനിലയില്‍ തളച്ചിരുന്നു. അതേസമയം കളിച്ച രണ്ടുകളിയും തോറ്റ ജമൈക്കയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

Top