ബിന ഡെല്‍ മാര്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് എയില്‍ മെക്‌സിക്കോയും ബൊളീവിയയും സമനിലയില്‍. നവ നിരയുമായെത്തിയ മെക്‌സിക്കോയെ പുതുജീവന്‍ കണ്ടെത്തിയ ബൊളീവിയ ഗോള്‍ രഹിത സമനിലയില്‍ തളച്ച് വിലപ്പെട്ടൊരു പോയിന്റ് കരസ്ഥമാക്കി.
ഹെരേരയും മാര്‍ക്വേസും മെഡിനയുമൊഴികെ ഏതാണ്ടെല്ലാം പുതിയ മുഖങ്ങളെ അണിനിരത്തിയണ് മിഗ്വെല്‍ ഏണസ്‌റ്റോ ഹെരേര ബൊളീവിയക്കെതിരെ മെക്‌സിക്കോയെ ഇറക്കിയത്. 532 എന്ന നിലയില്‍ പ്രതിരോധത്തില്‍ ഊന്നിയ ശൈലി അവലംബിച്ചിട്ടും ആക്രമണത്തിലും പന്തിന്റെ കൈവശാവകാശത്തിലും മെക്‌സിക്കോയ്ക്കായിരുന്നു മേല്‍ക്കൈ. വിരലിലെണ്ണാവുന്നതെങ്കിലും ചില നല്ല ഗോളവസരങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
നാലു പേരെ വീതം പിന്‍നിരയിലും മധ്യനിരയിലും അണിനിരത്തിയ ബൊളീവിയ ആക്രമത്തിന്റെ താളം ആവാഹിക്കാന്‍ അല്‍പം സമയമെടുത്തു. എങ്കിലും മെക്‌സിക്കോയെ വിറപ്പിക്കാന്‍ പോന്ന നീക്കങ്ങള്‍ അവരുടെ ബൂട്ടില്‍ നിന്നും പിറന്നു. ആക്രമണത്തിന്റെ എണ്ണമെടുത്താല്‍ മെക്‌സിക്കോയായിരിക്കും മുന്നിലെങ്കിലും ഏറ്റവും അപകടകരമായ ചില ഗോളവസരങ്ങള്‍ ഒരുക്കിയത് ബൊളീവിയ തന്നെ.
മെക്‌സിക്കോയ്ക്ക് ഏറ്റവും മനോഹരമായ അവസരങ്ങള്‍ തുറന്നു കിട്ടിയത് രണ്ടാം പകുതിയിലാണ്. സമയത്തോടൊപ്പം വിലപ്പെട്ട അവസരങ്ങള്‍ പാഴാവുന്നത് കണ്ട കോച്ച് ഹെരേര രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ചു. ഹെരേരയ്ക്ക് പകരം ജിമെന്‍സും അല്‍പം കഴിഞ്ഞ് പരിക്കേറ്റ് മുടന്തിയ മാര്‍ക്വേസന് പകരം അക്വിനോയും ഇറങ്ങി. പകരക്കാര്‍ രണ്ടാളും നല്ല ഒത്തിണക്കം കാട്ടിയതോടെ മെക്‌സിക്കോയുടെ ആക്രമണം ചടുലമായി. ഇവര്‍ക്ക് മധ്യനിരയില്‍ മെഡിനയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു.
73, 75 മിനിറ്റുകളില്‍ അക്വിനോ വിംഗുകളിലൂടെ പറന്ന് ബൊളീവിയയെ ശരിക്കും വിറപ്പിച്ചു. ഒരിക്കല്‍ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ രണ്ടാമത്തെ മുന്നേറ്റം കോര്‍ണര്‍ കിക്ക് സമ്മാനിച്ചു. 79ാം മിനിറ്റില്‍ അക്വിനോ ടീമിന് ഒരു പെനാല്‍റ്റി നേടിക്കൊടുത്തുവന്ന് കരുതിയതാണ്. എന്നാല്‍, റഫറിയുടെ കണിശത ബൊളീവിയയെ തുണച്ചു. 86ാം മിനിറ്റല്‍ ഇതുപോലൊരു പെനാല്‍റ്റിയില്‍ നിന്ന് കഷ്ടിച്ചാണ് ബൊളീവിയ രക്ഷപ്പെട്ടത്. ബൊളീവിയന്‍ കാട്ടില്‍ തന്റെ വേഗം കൊണ്ട് യഥേഷ്ടം മേഞ്ഞ അക്വിനോയെ തടയാന്‍ പ്രതിരോധക്കാര്‍ക്ക് നന്നായിതന്നെ വിയര്‍ക്കേണ്ടിവന്നു. ഇത്തരമൊരു ശ്രമം പകരക്കാരന്‍ എസ്‌കോബാറിന് 89ാം മിനിറ്റില്‍ ഒരു മഞ്ഞ കാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ബൊളീവിയന്‍ പ്രതിരോധക്കാര്‍ നന്നായി പാടുപെട്ടു.
മെക്‌സിക്കോയുടെ മുന്നേറ്റത്തിന്റെ മുനയൊടക്കാനുള്ള യത്‌നത്തിനിടെ കാര്യമായ പ്രത്യാക്രമണങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ ബൊളീവിയയുടെ നാലംഗം മധ്യനിരയ്ക്ക് കഴിഞ്ഞില്ല. അവരുടെ പോരാട്ടം ആദ്യ പകുതിയില്‍ തന്നെ അവസാനിച്ചമട്ടായിരുന്നു.
ഇക്വഡോറുമായാണ് ബൊളീവിയയുടെ അടുത്ത മത്സരം. ജൂണ്‍ പതിനഞ്ചിന്. അന്നു തന്നെ മെക്‌സിക്കോ ആതിഥേയരായ ചിലിയെ നേരിടും. നാളെ പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് ഉറുഗ്വായ് ജമൈക്കയെയും പുലര്‍ച്ചെ മൂന്ന് മണിക്ക് അര്‍ജന്റീന പരാഗ്വായെയും നേരിടും.