കോപ അമേരിക്ക: ബ്രസീലിനെ അട്ടിമറിച്ച് കൊളംബിയ

സാന്റിയാഗോ: കോപ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് തോല്‍വി. ബ്രസീലിനെ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. 36ാം മിനിറ്റില്‍ ഫാബിയന്‍ മുറീലോയാണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്.

മത്സരം തീരും വരെ ബ്രസീലിയന്‍ താരങ്ങളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെയാണ് കൊളംബിയ ജയം സ്വന്തമാക്കിയത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാനാവാഞ്ഞ മുന്നേറ്റനിരയുടെ പിഴവാണ് ബ്രസീലിന് തോല്‍വി സമ്മാനിച്ചത്. നെയ്മര്‍ പതിവുഫോമിലേക്ക് ഉയരാതിരുന്നതോടെ ബ്രസീല്‍ മുന്നേറ്റനിര നിറംമങ്ങി.

1991ലെ കോപ അമേരിക്കയിലാണ് ഇതിന് മുന്‍പ് ബ്രസീല്‍ കൊളംബിയയോട് തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ അവസാന ഭാഗം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ നെയ്മര്‍ക്ക് ചുവപ്പു കാര്‍ഡ് കിട്ടിയത് ബ്രസീലിന് ഇരട്ട തിരിച്ചടിയായി. കൊളംബിയയുടെ കാര്‍ലോസ് ബക്കയ്ക്കും ചുവപ്പു കാര്‍ഡുണ്ട്.

ഇന്നത്തെ തോല്‍വിയോടെ ബ്രസീലിന് 22ന് വെനസ്വേലയുമായി നടക്കുന്ന മത്സരം നിര്‍ണായകമായി. വെനസ്വേലയോട് തോറ്റാല്‍ കോപ്പ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്താകും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ തോല്‍പിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ വെനസ്വേലയോട് തോറ്റ കൊളംബിയ ഇന്നത്തെ ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. പെറുവുമായിട്ടാണ് കൊളംബിയയുടെ അടുത്ത മത്സരം.

Top