കോര്‍പ്പറേറ്റുകള്‍ കൈവിട്ടു;കമ്യൂണിസ്റ്റ് പാര്‍ട്ടി മാതൃകയില്‍ കോണ്‍ഗ്രസും ലെവി പിരിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര ഭരണം നഷ്ടപ്പെട്ടതോടെ കൈയ്യയച്ച് കോടികള്‍ നല്‍കിയിരുന്ന കോര്‍പ്പറേറ്റുകള്‍ കൈവിട്ടതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും കോണ്‍ഗ്രസ് ലെവി ഈടാക്കുന്നു.

കേന്ദ്ര ഭരണവും മിക്ക സംസ്ഥാന ഭരണവും നഷ്ടപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പണംകണ്ടെത്താനാവാതെ കഷ്ടപ്പെടുന്നത്. ഇതിനു പരിഹാരമായി പ്രവര്‍ത്തകരില്‍ നിന്നും കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ മാതൃകയില്‍ ലെവി പിരിക്കാനാണ് തീരുമാനം.

പാര്‍ട്ടിയെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ മോട്ടിലാല്‍ വോറ പറഞ്ഞു. വാര്‍ഷിക സംഖ്യയായി 250 രൂപയാണ് ഓരോ പ്രവര്‍ത്തകരും അടയ്‌ക്കേണ്ടത്.

ഇതില്‍ 25 ശതമാനം പ്രദേശ് കമ്മിറ്റിയുടെയും 75 ശതമാനം കേന്ദ്ര കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കു വകയിരുത്താനാണ് തീരുമാനം. മെംബര്‍ഷിപ്പ് കാംപെയിന്‍ ആരംഭിക്കുന്നതോടെ ഇതു നടപ്പിലാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്കു നീട്ടിവച്ചിരുന്നു.

പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം സംഘടനയ്ക്കു നല്‍കണമെന്നും നിയമമുണ്ട്. എ.ഐ.സി.സി അംഗങ്ങള്‍ എല്ലാവരും വാര്‍ഷിക സംഖ്യയായി 600 രൂപ കേന്ദ്ര കമ്മിറ്റിക്കും പ്രദേശ് കമ്മിറ്റി അംഗങ്ങള്‍ 300 രൂപ സംസ്ഥാന ഘടകത്തിനും നല്‍കണം.

പുതിയ നിയമം അനുസരിച്ച് സംസ്ഥാന ഘടകങ്ങള്‍ സ്വരൂപിക്കുന്ന പണത്തിന്റെ അമ്പത് ശതമാനം ജില്ലാ ഘടകങ്ങള്‍ക്കു നല്‍കണം. പന്ത്രണ്ട് വര്‍ഷം മുമ്പ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ ധനകാര്യ സമിതി രൂപീകരിച്ചിരുന്നു.

പ്രവര്‍ത്തകരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് അപ്രായോഗികമാണെന്ന് വിലയിരുത്തിയിരുന്ന സമിതി, സജീവ പ്രവര്‍ത്തകരില്‍നിന്ന് പ്രതിവര്‍ഷം നൂറു രൂപ സ്വീകരിക്കാമെന്നു തീരുമാനിച്ചിരുന്നു. ഇതില്‍ 75 ശതമാനം എ.ഐ.സി.സിക്കും 12.5 ശതമാനം പി.സി.സിക്കും 12.5 ശതമാനം ഡി.സി.സിക്കും നല്‍കാനായിരുന്നു ധാരണ.

തീരുമാനമെടുക്കുമ്പോള്‍ പതിനൊന്നു ലക്ഷം സജീവ പ്രവര്‍ത്തകരുണ്ടായിരുന്നതിനാല്‍ പതിനൊന്നു കോടി സ്വരൂപിക്കാമെന്നും സുഖകരമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്താമെന്നും മന്‍മോഹന്‍ സമിതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് കേന്ദ്രഭരണം ലഭിച്ചതോടെ മന്‍മോഹന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നടപ്പാക്കിയില്ല. ഭരണം പോയതോടെയാണ് റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് നടപ്പാക്കുന്നത്.

Top