കോളിന്‍ഡ ഗ്രാബര്‍ കിത്രോവി ക്രൊയേഷ്യന്‍ പ്രസിഡന്റ്

സാഗ്‌റെബ്: ക്രൊയേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോളിന്‍ഡ ഗ്രാബര്‍ കിത്രോവിക്ക് വിജയം. 50.4 ശതമാനം വോട്ട് നേടിയാണ് പാരമ്പര്യവാദികളായ പ്രതിപക്ഷ സ്ഥാനാര്‍ഥി ഗ്രാബര്‍ കിത്രോവിക് വിജയിച്ചത്. മുഖ്യ എതിരാളി ഇവോ ജോസിപോവിക് 49.6 ശതമാനം വോട്ട് നേടി. ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ഗ്രാബര്‍ കിത്രോവിക്.

ഡിസംബറില്‍ നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ജോസിപോവിക് നേരിയ ഭൂരിപക്ഷത്തിനു മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഗ്രാബര്‍ കിത്രോവിക് മുന്നിലെത്തുകയായിരുന്നു. രാജ്യത്തിന്റെ താറുമാറായ സാമ്പത്തികാവസ്ഥയാണ് പ്രതിപക്ഷത്തിന് അനുകൂല വോട്ടായി മാറിയത്. 4.4 മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്തെ 19 ശതമാനം തൊഴിലില്ലായ്മും നികുതിനിരക്കുകളും പ്രസിഡന്റായിരുന്ന ജോസിപോവികിന് പ്രതികൂല ഘടകമായി. 2005 ഫെബ്രുവരിയില്‍ ക്രൊയേഷ്യയുടെ വിദേശകാര്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കോളിന്‍ഡ ഗ്രാബര്‍ കിത്രോവി നാറ്റോയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Top