കോഴിക്കോട്: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചുംബനസമരവുമായി ‘കിസ് ഓഫ് ലൗ’പ്രവര്‍ത്തകര്‍ ഇന്ന് രംഗത്തിറങ്ങുന്നത് വലിയ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
സദാചാര പൊലിസിങ്ങിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചത് കോഴിക്കോട്ട് ആവര്‍ത്തിക്കില്ലെന്ന സിറ്റി പൊലീസിന്റെ നിലപാടാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം തള്ളിക്കളഞ്ഞിരിക്കുന്നത്. സാമുദായിക സംഘടനകള്‍ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ശക്തമായ സ്വാധീനമുള്ള കോഴിക്കോട്ട് ‘ചുംബന സമരം’പോലെയുള്ള നടപടികള്‍ നടത്താന്‍ നോക്കിയാല്‍ അത് സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
ആയിരത്തോളംപേര്‍ ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ മൊഫ്യൂസല്‍ ബസ്റ്റാന്റിനകത്തും പുറത്തും എത്തുമെന്ന് സംഘാടകര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സമരക്കാരേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ പ്രതിഷേധിക്കാനും,കാണാനുമായി നഗരത്തില്‍ ഇറങ്ങുന്നത് ഗതാഗത സ്തംഭനത്തിനും സാമൂഹ്യ വിരുദ്ധരുടെ ഇടപെടലിനും വഴിവെക്കുമെന്ന മുന്നറിയിപ്പും ഉന്നത പൊലീസ് മേധാവികള്‍ക്ക് ഇതിനകം തന്നെ രഹസ്യന്വേഷണ വിഭാഗം കൈമാറിയിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് വൈകീട്ട് മൂന്ന്മണിക്ക് കോഴിക്കോട്ട് സംഘടിപ്പിച്ചിട്ടുള്ളത്. സംഘ്പരിവാര്‍ സംഘടനകളോട് ആഭിമുഖ്യമുള്ള ഹനുമാന്‍ സേന ‘ചുംബിക്കാന്‍ വരുന്നവരെ നഗ്നരാക്കും’എന്ന് മുന്നറിയിപ്പ് നല്‍കി നഗരത്തില്‍ പോസ്റ്റര്‍ പതിച്ചത് സമരക്കാരിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ശിവസേനയും സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
സമരത്തിനെതിരെ വൈകാരികമായ പ്രതിഷേധത്തിന് തുനിഞ്ഞാല്‍ അത് പടര്‍ന്ന് വലിയ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ആശങ്കയിലാണ് നഗര നിവാസികള്‍. ഹനുമാന്‍സേനയെ തടയുമെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐയിലെ ഒരുവിഭാഗം രംഗത്ത് വന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിട്ടുണ്ട്.
ഡിവൈഎഫ്‌ഐ,യൂത്ത് കോണ്‍ഗ്രസ്,കെഎസ്‌യു,എസ്എഫ്‌ഐ,സംഘടനകളുടെ സംസ്ഥാന നേതൃത്വങ്ങള്‍ ചുബന സമരത്തിന് അനുകൂലമാണെങ്കിലും ഈ സംഘടനകളില്‍പെട്ട ബഹുഭൂരിപക്ഷം അണികള്‍ക്കും സമരത്തിനെതിരായ വികാരമാണുള്ളത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.