സൂപ്പര്‍ താര പദവിയില്‍ മാവോയിസ്റ്റുകള്‍; ആശങ്കയോടെ സിപിഎമ്മും ആഭ്യന്തര വകുപ്പും

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിലും സര്‍വകലാശാലകളിലും മാവോയിസ്റ്റ് അനുകൂല ‘തരംഗ’മുയരുമെന്ന ആശങ്കയില്‍ ആഭ്യന്തര വകുപ്പ്.

മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ അറസ്റ്റിലാവുകയും ഇവര്‍ക്കനുകൂലമായി എഴുത്തുകാരും, സാംസ്‌കാരിക -മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ചെയ്തതോടെ സോഷ്യല്‍ മീഡിയകളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും അഭിപ്രായ പ്രകടനങ്ങളും പ്രത്യക്ഷപ്പെടുന്നതാണ് പൊലീസിനും സിപിഎമ്മിനും തലവേദനയാകുന്നത്.

ക്യാമ്പസുകള്‍ക്കകത്ത് കയറി നിരീക്ഷണമേര്‍പ്പെടുത്താന്‍ പൊലീസിന് പരിമിതിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ക്യാമ്പസുകളിലും സര്‍വ്വകലാശാലകളിലും ശക്തമായ പൊലീസ് നിരീക്ഷണം അനിവാര്യമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ക്ഷുഭിത യൗവനങ്ങളേയും പോരാട്ട വീര്യത്തേയും എന്നും പിന്‍തുണക്കുന്ന ക്യാമ്പസുകളിലെ ഇടതുപക്ഷ മനസ് മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി പാകപ്പെടുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സിപിഎം നേതൃത്വവും ഗൗരവമായി വിലയിരുത്തുന്നത്.

നേരത്തെ പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണത്തെത്തുടര്‍ന്ന് അറസ്റ്റിലായവര്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആയിരുന്നുവെന്ന വാര്‍ത്തകള്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

ഇപ്പോള്‍ മാവോയിസ്റ്റ് രൂപേഷിനും ഭാര്യ ഷൈനയ്ക്കുമൊപ്പം പിടിയിലായ പത്തനംതിട്ട സ്വദേശി അനൂപും മുന്‍ എസ്എഫ്‌ഐ നേതാവായിരുന്നുവെന്ന സത്യം ഗൗരവത്തോടെ തന്നെ പരിശോധിക്കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

സിപിഎമ്മിലേക്ക് കേഡറുകളെ സംഭാവന ചെയ്യുന്ന എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും സംഘടനാപരമായ ബലഹീനതയാണ് മാവോയിസ്റ്റ് സംഘടനകളിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതെന്ന വിലയിരുത്തല്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

മന്ത്രിമാരെ വഴിതടഞ്ഞും രൂക്ഷമായ പോരാട്ടം നടത്തിയും കേരളീയ സമൂഹത്തില്‍ ജ്വലിച്ചു നിന്ന എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ സംഘടനകളുടെ സമര ചരിത്രം ഇപ്പോള്‍ വെറും ഓര്‍മ്മകളായി മാത്രം മാറുന്നതിനാല്‍ തീഷ്ണമായ നിലപാടുകളെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം മാവോയിസ്റ്റ് ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംഘടിതമല്ലെങ്കിലും കേരളത്തിലെ ക്യാമ്പസുകളില്‍ മാവോയിസ്റ്റ് ആശയത്തെ ഇഷ്ടപ്പെടുന്ന നല്ലൊരു വിഭാഗം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അവകാശ സമര പോരാട്ടങ്ങളില്‍ ചോര ചിതറിയ സമരങ്ങള്‍ നടത്തിയ പ്രവര്‍ത്തകരുടെ, മുഖത്ത് ചവിട്ടി അധികാരത്തിലേറിയ മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് മാറ്റി അധികാരത്തെ ആര്‍ത്തിയോടെ സമീപിച്ചതും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മനം മടുപ്പിച്ചിരുന്നു.

സിപിഎം വിഭാഗീയതയുടെ പേരില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ താഴെ തലം മുതല്‍ നടത്തിയ വെട്ടിനിരത്തലുകള്‍ കൂടി പ്രാബല്യത്തിലായതോടെ വിപ്ലവ വീര്യം നഷ്ടപ്പെട്ട് ‘ സര്‍ക്കാര്‍സംഘടന’യുടെ നിലവാരത്തിലേക്കാണ് ഈ സംഘടിത പ്രസ്ഥാനങ്ങള്‍ നിലംപൊത്തിയത്.

2000-2015 കാലഘട്ടത്തിനിടക്ക് നല്ലൊരു വിഭാഗം യുവജന വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ നിര്‍ജീവമാകുകയോ സിപിഎമ്മിനോട് ഗുഡ് ബൈ പറയുകയോ ചെയ്തിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതില്‍പ്പെട്ട ഒരു വിഭാഗവും അവരുടെ പിന്‍മുറക്കാരുമാണ് മാവോയിസ്റ്റ് ‘സപ്നങ്ങളില്‍’ പ്രതീക്ഷയര്‍പ്പിക്കുന്നത്.

പൊലീസ് പിടിയിലായ നല്ലൊരു വിഭാഗം മാവോയിസ്റ്റുകളും പഠനകാലത്ത് എസ്എഫ്‌ഐയുടെ ശക്തരായ പോരാളികളായിരുന്നുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സിവില്‍ സര്‍വ്വീസില്‍ ഐഎഎസിനേക്കാള്‍ വലിയ പദവിയായ ഐഎഫ്എസില്‍ (ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വ്വീസ്) ഉന്നത ഉദ്യോഗസ്ഥനായ കണ്ണമ്പിള്ളി കെ മേനോന്റെ മകനായ മുരളി കണ്ണമ്പിള്ളി മാവോയിസ്റ്റായ കഥ ഇപ്പോള്‍ ക്യാമ്പസുകളില്‍ സജീവ ചര്‍ച്ചാ വിഷയമാണ്.

ചൈനയില്‍ അംബാസിഡര്‍ ആയിരുന്ന ഉദ്യോഗസ്ഥന്റെ മകന്‍ എല്ലാ സുഖ സൗകര്യങ്ങളും ത്യജിച്ച് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഒളിവില്‍ പ്രവര്‍ത്തിച്ചതാണ് കമ്യൂണിസ്റ്റ് ആശയങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കുമപ്പുറം മുരളിയെ ഇപ്പോള്‍ സ്വീകാര്യനാക്കിയിരിക്കുന്നത്.

മുരളിയുടെയും രൂപേഷിന്റെയും ആശയപരമായ നിലപാടുകളെ പിന്‍തുണക്കുന്നവര്‍ ആയുധമാര്‍ഗ്ഗം വെടിഞ്ഞ് ഇവര്‍ ജനാഥിപത്യ വ്യവസ്ഥിതിയിലേക്ക് മാറിയാല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ്.

രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ മക്കള്‍ 15 ലക്ഷത്തിന്റെ ബൈക്കുകള്‍ വാങ്ങി ‘പിന്മുറ’ക്കാരാകുന്ന അഭിനവ കാലത്ത്, കൈയില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച് അടിസ്ഥാന വര്‍ഗ്ഗത്തിനായി സ്വയം സമര്‍പ്പിച്ച മുരളി കണ്ണമ്പിള്ളിയെപ്പോലുള്ളവരാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയെന്നാണ് സഖാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം.

നല്ലൊരു മനുഷ്യ സ്‌നേഹിക്കു മാത്രമെ നല്ലൊരു കമ്യൂണിസ്റ്റാകാന്‍ കഴിയു എന്നതിനാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് നേപ്പാളിന്റെ മാതൃക പിന്‍തുടര്‍ന്ന് മുരളി കണ്ണമ്പിള്ളിയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ കടന്ന് വന്നാല്‍ അത് ദിശാബോധം നഷ്ടപ്പെട്ട രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കരുത്താകുമെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

അതേസമയം മുരളിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരുമടക്കമുള്ളവര്‍ പരസ്യമായി രംഗത്ത് വന്നത് പൊലീസിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പൂനയിലെ ഭീകര വിരുദ്ധ സക്വാഡിന്റെ പിടിയിലായ മുരളിക്ക് ആവശ്യമായ ചികിത്സ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രഫ. പ്രഭാത് പട്‌നായ്ക്, പ്രഫ. ഹരിഗോപാല്‍, പ്രഫ.നിവേദിത മേനോന്‍, കവി സച്ചിതാനന്ദന്‍ എന്നിവരാണ് രംഗത്ത് വന്നിട്ടുള്ളത്.

മുരളിയും രൂപേഷും ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകളുടെ മോചനത്തിനായി അഭിഭാഷക പടയെ തന്നെ രംഗത്തിറക്കാനാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ തീരുമാനം.

Top