ക്രാഷ് ടെസ്റ്റില്‍ മാരുതി സുസുക്കി സ്വിഫ്റ്റും നിസ്സാന്‍ ഡറ്റ്‌സണ്‍ ഗോയും പരാജയപ്പെട്ടു. വാഹനസുരക്ഷാ പരിശോധക സംഘടനകളുടെ കൂട്ടായ്മയായ ഗ്ലോബല്‍ എന്‍സിഎപിയുടെ ടെസ്റ്റിലാണ് പരാജയപ്പെട്ടത്. ഇതോടെ ഇരു കാറുകളും സുരക്ഷയില്‍ സീറോ സ്റ്റാര്‍ വിഭാഗത്തിലായി. 64 കിലോമീറ്റര്‍ വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. ക്രാഷ് ടെസ്റ്റില്‍ ഡറ്റ്‌സണ്‍ ഗോ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു.
മുതിര്‍ന്നവര്‍ക്കു നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ സ്വിഫ്റ്റും ഡറ്റ്‌സണ്‍ ഗോയും ഒരു സ്റ്റാര്‍ പോലും നേടിയില്ല. കുട്ടികള്‍ക്കു നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ സ്വിഫ്റ്റിന്
ഒരു സ്റ്റാര്‍ ലഭിച്ചപ്പോള്‍ ഡറ്റ്‌സണ്‍ ഗോ രണ്ടു സ്റ്റാര്‍ സ്വന്തമാക്കി. സ്വിഫ്റ്റിന്റേത് അസ്ഥിരമായ ഘടനയാണെന്ന് ഗ്ലോബല്‍ എന്‍സിഎപി വക്താക്കള്‍ പറയുന്നു.
ഇന്ത്യയില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചു തന്നെയാണ് വാഹനങ്ങള്‍ പുറത്തിറക്കുന്നതെന്ന് നിസ്സാന്‍ അധികൃതര്‍ പ്രതികരിച്ചു. മാരുതി ഓള്‍ട്ടോ 800, ടാറ്റ നാനോ, ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായ് ഐ10, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ വാഹനങ്ങള്‍ നേരത്തെ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു.