കാന്‍പുര്‍: ക്രിക്കറ്റ് മത്സരത്തില്‍ ഔട്ടാക്കിയ 14-കാരനെ 17-കാരനും സഹോദരനും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊന്നു. ക്രിക്കറ്റ് മത്സരത്തിനിടെ തന്നെ ക്ലീന്‍ ബൗള്‍ഡാക്കിയ കുട്ടിയെയാണ് 17-കാരനും സഹോദരനും ചേര്‍ന്ന് മൈതാനത്തിട്ട് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗദംപുരിലെ രഹ്തി ദേര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ബാറ്റ് ചെയ്തിരുന്ന 17-കാരനെ കൊല്ലപ്പെട്ട 14-കാരന്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ ഔട്ടായ 17-കാരന്‍ പിച്ചില്‍നിന്ന് മടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം മൂത്തതോടെ 17-കാരന്‍ സഹോദരനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് 14-കാരനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ മൈതാനത്ത് കിടത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതികളായ സഹോദരങ്ങള്‍ ഓടിരക്ഷപ്പെട്ടിരുന്നു. മൈതാനത്തുണ്ടായിരുന്ന മറ്റുകുട്ടികളാണ് 14-കാരന്റെ വീട്ടുകാരെ വിവരമറിയിച്ചത്. ഇവര്‍ മൈതാനത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
അതിനിടെ, 14-കാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് മുന്‍പ് നാട്ടുകാരും പോലീസും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ആശുപത്രിയില്‍നിന്ന് മൃതദേഹവുമായി വീട്ടിലെത്തിയ കുടുംബാംഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വിട്ടുകൊടുക്കാന്‍ ആദ്യം തയ്യാറായില്ല. ജില്ലാ മജിസ്ട്രേറ്റോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയാല്‍ മാത്രമേ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നല്‍കുകയുള്ളൂ എന്നായിരുന്നു കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും നിലപാട്.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്നും ഇവര്‍ നിലപാടെടുത്തു. ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ സമ്മതിച്ചത്. ഇതിനുപിന്നാലെ പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.