ക്രിസ്തുവിന് താടിയും മീശയും ഇല്ലായിരുന്നു?

താടിമീശയില്ലാത്ത ക്രിസ്തുരൂപത്തെ കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. എന്നാല്‍, സ്‌പെയിനിലുളള പുരാവസ്തു ഗവേഷകരുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ നമ്മുടെ സങ്കല്‍പ്പം മാറ്റേണ്ടിവരും.

ഇവര്‍ കണ്ടെടുത്ത നാലാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു സ്ഫടിക പാത്രമാണ് ക്രിസ്തുവിന്റെ രൂപത്തെ കുറിച്ചുളള പൊതുസങ്കല്‍പ്പം മാറ്റിമറിക്കുന്നത്. ഇതില്‍ ആലേഖനം ചെയ്തിരിക്കുന്ന ക്രിസ്തുവിന്റെ രൂപത്തിന് താടിമീശയില്ല എന്നുമാത്രമല്ല നീളംകുറഞ്ഞ മുടിയുമാണുളളത്!
ലോകത്ത് കണ്ടെടുത്തിട്ടുളളതില്‍ വച്ച് ഏറ്റവും പുരാതനമായ ക്രിസ്തു രൂപമാണിതെന്ന് കരുതുന്നു. ക്രിസ്തുവിനൊപ്പം അപ്പോസ്തലന്‍മാരായ പത്രോസും പൗലോസുമെന്ന് കരുതാവുന്ന രണ്ട് പേരുടെ സാന്നിധ്യവുമുണ്ട്. ആരാധനാ സമയത്ത് റൊട്ടിക്കഷണങ്ങള്‍ വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രമാണിതെന്നാണ് ഗവേഷകര്‍ കരുതുന്നത്.

സ്‌പെയിനിലെ ലിനാറസ് പട്ടണത്തില്‍ നിന്നാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്ന സ്ഫടിക പാത്രം കണ്ടെടുത്തിരിക്കുന്നത്. പൊട്ടിച്ചിതറിയ നിലയിലുളള പാത്രത്തിന്റെ കഷണങ്ങള്‍ ചേര്‍ത്തുവച്ച് പാത്രം 80 ശതമാനത്തോളം പൂര്‍വ സ്ഥിതിയിലാക്കാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞു.

Top