വിജിലന്‍സ് -ക്രിമിനല്‍ കേസില്‍ പ്രതിയായ ഐ.ജി എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ചില്‍

തിരുവനന്തപുരം: വിജിലന്‍സ് -ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഐ.ജി ശ്രീജിത്തിന് ക്രൈംബ്രാഞ്ചില്‍ നിയമനം.

നിയമ വിരുദ്ധ പ്രവര്‍ത്തി നടത്തിയതിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന ശ്രീജിത്തിനെതിരെ ഡിപ്പാര്‍ട്‌മെന്റല്‍ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് മേധാവി അനന്തകൃഷ്ണന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്.

നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി ആയിരുന്ന ശ്രീജിത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പത്തനംതിട്ട സ്വദേശി രമേശന്‍ നമ്പ്യാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അതീവ ഗൗരവമുള്ള പരാതിയില്‍ കോടതി നേരിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

സാമ്പത്തിക തട്ടിപ്പിന് പുറമെ തന്നെ ക്രൂരമായി ശ്രീജിത്ത് മര്‍ദ്ദിച്ച കാര്യവും രമേശന്‍ നമ്പ്യാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. (എഫ്‌ഐആര്‍ നം.6/2010)

ശ്രീജിത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി രമേശന്‍ നമ്പ്യാര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

എറണാകുളം സ്വദേശി പി.വി. വിജു ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1)ല്‍ നല്‍കിയ പരാതിയിലാണ് ശ്രീജിത്തിനെതിരെ ക്രിമിനല്‍ കേസുള്ളത്. (സിസി നം.695/2008) . ഈ കേസ് ഇപ്പോള്‍ വിചാരണയിലാണ്.

ഇതിന് ശേഷമാണ് മലപ്പുറം ഡി.വൈ.എസ്.പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ വസ്തു തട്ടിയെടുക്കാന്‍ ഒത്താശ ചെയ്തതിനും സര്‍ക്കാര്‍ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തിരുന്നത്.

മറ്റൊരാളുടെ സിംകാര്‍ഡ് ഉപയോഗിച്ച് ഗുരുതരമായ നിയമ വിരുദ്ധ പ്രവര്‍ത്തി ശ്രീജിത്ത് ചെയ്തിരുന്നതായി ഡി.ജി.പി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ട് തള്ളി ശ്രീജിത്തിന് ഐ.ജി പ്രമോഷന്‍ നല്‍കിയതിനെതിരായ പരാതി കേന്ദ്ര സര്‍ക്കാറില്‍ നിലനില്‍ക്കെയാണ് ഇപ്പോഴത്തെ നിയമനം.

ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നതായാണ് സൂചന.

Top