ക്വാര്‍ട്ടര്‍ ഫൈനല്‍ നോട്ടമിട്ട് അയര്‍ലന്‍ഡും സിംബാവെയും

ഹൊബര്‍ട്ട്: പൂള്‍ ബിയിലെ മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് സിംബാവെയെ നേരിടും. പോയിന്റ് പട്ടികയില്‍ സിംബാവെയെക്കാള്‍ മുന്നിലാണ് അയര്‍ലന്‍ഡ്.മൂന്ന് കളികളില്‍ നിന്ന് അയര്‍ലന്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് നാല് പോയിന്റാണ്. അയര്‍ലന്‍ഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ തകര്‍ന്നത് വെസ്റ്റെന്‍ഡീസും യുഎഇയും.
ലോകകപ്പിനെത്തിയ അസോസിയേറ്റ് ടീമുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്കുന്നതും അയര്‍ലന്‍ഡ് തന്നെയാണ്. സൗത്താഫ്രിക്കയോട് ഏറ്റ 201 റണ്‍സിന്റെ തോല്‍വി പക്ഷെ അയര്‍ലന്‍ഡിന്റെ പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ സാധ്യത കുറവാണ്.
സിംബാവെയുമായുള്ള മത്സരം വിജയിക്കാനായാല്‍ അയര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. ഇന്ത്യയും പാക്കിസ്ഥാനുമാണ് ഇനി പൂള്‍ ബിയില്‍ അയര്‍ലന്‍ഡിന് എതിരാളികളായുള്ളത്.
ഇതുവരെ മൂന്ന് കളികളില്‍ ഒരു വിജയം മാത്രം സ്വന്തമായുള്ള സിംബാവെയ്ക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ ഏകദേശം അസ്തമിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ പരുക്കേറ്റ് ക്യാപ്റ്റന്‍ എല്‍ട്ടന്‍ ചിക്കുമ്പുറയില്ലാതെയാകും സിംബാവെ അയര്‍ലന്‍ഡിനെ നേരിടുക. ബ്രന്‍ഡന്‍ ടൈലറാകും നായക സ്ഥാനം വഹിക്കുക. 2007 ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റമുട്ടിയ സമയത്ത് വിജയം അയര്‍ലന്‍ഡിനൊപ്പം നിന്നു.

Top