ഖത്തര്‍ എയര്‍വേസ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 40 പേര്‍ക്കു പരുക്കേറ്റു

മനില: ദോഹയില്‍ നിന്ന് ഫിലിപ്പീന്‍സിലെ മനിലയിലേക്കു പോയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 പേര്‍ക്കു പരുക്ക്. മനിലയിലെ നിനോ അക്വിനോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ 30 മിനിറ്റ് ശേഷിക്കെയാണ് സീറ്റ് ബെല്‍റ്റുകള്‍ ധരിച്ച യാത്രക്കാര്‍ക്ക് പരുക്കില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

മൂന്നു കുട്ടികളും രണ്ട് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്കേറ്റു. ഇതു ചൂണ്ടിക്കാട്ടി അടിയന്തര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടിയിരുന്നു. പരുക്കേറ്റവര്‍ക്കെല്ലാം വൈദ്യപരിശോധന നല്‍കി. മൂന്നു യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന മുന്നറിയിപ്പു വന്നതോടെ വിമാനത്തിന്റെ തിരിച്ചുള്ള പറക്കല്‍ മൂന്നു മണിക്കൂറോളം വൈകി.

അന്തരീക്ഷത്തിലുള്ള വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയര്‍പോക്കറ്റ് അല്ലെങ്കില്‍ എയര്‍ഗട്ടര്‍) അഥവാ ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ്. നേര്‍രേഖയില്‍ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന ഈ അവസ്ഥയില്‍ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഇതു മേഘങ്ങളുമായി ബന്ധപ്പെടാത്തതിനാല്‍ കാഴ്ചയിലോ റഡാറിലോ അനുഭവപ്പെടില്ല. മേഘങ്ങളില്ലാത്ത സമയത്തും ഈ പ്രതിഭാസമുണ്ടാകാം.

ഭാരവും വേഗവും ഊഷ്മാവും കൂടിയ വായുപിണ്ഡങ്ങളും ഭാരവും വേഗവും ഊഷ്മാവും കുറഞ്ഞ വായുപിണ്ഡങ്ങളും കൂടിച്ചേരുന്ന അന്തരീക്ഷ മേഖലകളിലാണ് ആകാശച്ചുഴികള്‍ രൂപപ്പെടുന്നത്. സാധാരണയായി 20000 മുതല്‍ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ആകാശച്ചുഴിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനുള്ള സമയം പോലും പൈലറ്റുമാര്‍ക്ക് ലഭിക്കാറില്ല.

Top