ഗര്‍ഭകാലത്തെ മദ്യപാനം കുറ്റകരമല്ലെന്ന് ബ്രിട്ടിഷ് കോടതി

ലണ്ടന്‍: ഗര്‍ഭകാലത്ത് അമ്മമാര്‍ മദ്യപിക്കുന്നതു കുട്ടികളോടു ചെയ്യുന്ന കുറ്റമായി കാണാന്‍ കഴിയില്ലെന്നു ബ്രിട്ടിഷ് കോടതി. ഗര്‍ഭകാലത്തെ മാതാവിന്റെ മദ്യപാനത്തെത്തുടര്‍ന്ന് ശാരീരികമായും മാനസികമായും ബലഹീനതകള്‍ കണ്ടുവന്ന ഏഴു വയസ്സുകാരിയെ മുന്‍നിര്‍ത്തി നല്‍കിയ പരാതി പരിഗണിക്കവേയാണ് കോടതിനിരീക്ഷണം. സി പി എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഈ കുട്ടിയില്‍ ഫോട്ടല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഫ്.എ.എസ്.ഡി) അവസ്ഥയാണ് കണ്ടുവന്നത്. ബുദ്ധിമാന്ദ്യം മുതല്‍ ഹൃദയം, വൃക്ക എന്നീ ഭാഗങ്ങളിലും കുട്ടിക്കു പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഇംഗ്ലീഷ് നിയമങ്ങള്‍ പ്രകാരം ഗര്‍ഭസ്ഥശിശുക്കളെ ഒരു വ്യക്തിയായി കാണാന്‍ കഴിയില്ല എന്നാണ് കോടതിയുടെ നിഗമനം. നിലവിലുള്ള നിയമപ്രകാരം ഗര്‍ഭകാലത്ത് അമ്മമാര്‍ മദ്യപിക്കുന്നതിന്റെ ഫലമായി കുട്ടികള്‍ക്കു ബലഹീനതകളുണ്ടാവുകയാണെങ്കില്‍ അവരെ കുറ്റക്കാരായി കാണാന്‍ കഴിയില്ല എന്നായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍, കുട്ടിയുടെ മാതാവ് ഗര്‍ഭകാലത്ത് ദിവസേന അരക്കുപ്പിയോളം വോഡ്കയും എട്ടു കുപ്പി ബിയറും അകത്താക്കിയിരുന്നതായി കേസിലെ വാദികളായ സ്ഥലത്തെ പ്രാദേശിക സര്‍ക്കാരിന്റൈ അഭിഭാഷകര്‍ വാദിച്ചു. അതേസമയം, കോടതിവിധിയെ പ്രശംസിച്ചു ബ്രിട്ടിഷ് പ്രെഗ്നന്‍സി അഡൈ്വസറി സര്‍വീസ് മേധാവി ആന്‍ ഫുറേദി രംഗത്തെത്തി.

Top