ഗള്‍ഫില്‍ അതിശൈത്യം

ജിദ്ദ : ഗള്‍ഫ് നാടുകളില്‍ ശൈത്യം കനക്കുന്നു.  കുവൈത്ത്, യു എ ഇ, ഒമാന്‍ , ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ കൊടും തണുപ്പിന്റെയും ശീതക്കാറ്റിന്റെയും പിടിയിലാണ്.  സഊദിയില്‍ പതിവിലും ശക്തമായ ശൈത്യമാണ് ഇത്തവണ അനുഭവപ്പെടുന്നത്. ജോര്‍ദാന്‍ അതിര്‍ത്തി മേഖലകള്‍ കടന്നെത്തിയ ‘ഹുദ’ ശീതക്കാറ്റേറ്റ് സഊദി അറേബ്യ തണുത്ത് വിറയ്ക്കുകയാണ്. തബൂത്, അല്‍ഖസീം, റിയാസ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. തബൂക്കില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

ഇവിടെ മഞ്ഞ് മഴയും കനത്തതോടെ സഞ്ചാരികളും എത്തിത്തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മഞ്ഞുവീഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തിയത്. സന്ദര്‍ശകരുടെ ആധിക്യവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിവരെയാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. മക്ക, മദീന മേഖലകളില്‍ അന്തരീക്ഷ താപനില നന്നായി കുറഞ്ഞു. ഉത്തര ദേശങ്ങളില്‍ പലയിടത്തും താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തിയിട്ടുണ്ട്. കാലാവസ്ഥ മാറിയതോടെ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്നും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top