ഗുജറാത്ത് കലാപം: മോഡിക്കെതിരായ കേസ് അമേരിക്കന്‍ കോടതി തള്ളി

വാഷിംഗ്ടണ്‍: 2002ലെ ഗുജറാത്ത് കലാപം ഒഴിവാക്കാന്‍ നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന കേസ് അമേരിക്കയിലെ കോടതി തള്ളി. രാഷ്ട്രത്തലവനെന്ന പരിഗണന നരേന്ദ്ര മോഡിക്കുണ്ടെന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് മോഡിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് മോഡിക്കെതിരായ കേസ് അമേരിക്ക തള്ളിയത് ശ്രദ്ധേയമായിരിക്കുകയാണ്. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.

കലാപത്തിന്റെ പേരില്‍ 2005 ല്‍ മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മോഡിക്ക് അമേരിക്കന്‍ വിസ അനുവദിക്കുകയായിരുന്നു.

Top