ഗൂഗിളിന് ഇന്ന് പതിനാറാം പിറന്നാള്‍

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ജനകീയമായ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഇന്ന് പതിനാറാം പിറന്നാള്‍. പിറന്നാളിനോടനുബന്ധിച്ച് ഡൂഡിലുമായാണ് ഗൂഗ്‌ളിന്റെ ഇന്നത്തെ ഹോം പേജ്. തൊപ്പി ‘ധരിച്ച’ ഗൂഗ്‌ളിന്റെ ആദ്യ അക്ഷരമായ ‘ജി’, ഒ, എല്‍ എന്നീ അക്ഷരങ്ങളുടെ ഉയരം അളക്കുന്നതിന്റെ ആനിമേഷനാണ് ഡൂഡിലായി കൊടുത്തിരിക്കുന്നത്. ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിനെക്കുറിച്ചുള്ള വിശേഷങ്ങളിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടു പോകും.

അറിവിന്റെ മഹാസമുദ്രമായി കിടക്കുന്ന ഗൂഗിള്‍ ഇന്റര്‍നെറ്റ് തിരച്ചില്‍, വെബ് അധിഷ്ഠിത സേവനം, വെബ്‌സൈറ്റ് പരസ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയാണ്. യു എസ് എയിലെ കാലിഫോര്‍ണിയയിലുള്ള മൌണ്ടയ്ന്‍ വ്യൂ ആണ് ഗൂഗിളിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്.

1998ലാണ് ഗൂഗിള്‍ നിലവില്‍ വന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് സ്ഥാപകര്‍. സെര്‍ച്ച് എന്‍ജിനുകള്‍ ഹോംപേജില്‍ പരസ്യം കൊടുക്കാറുണ്ടെങ്കിലും ഗൂഗ്ള്‍ ഹോം പേജ് ഒഴിച്ചിട്ടത് ശ്രദ്ധേയമാണ്.

ആദ്യകാലങ്ങളില്‍ സെപ്തംബര്‍ എട്ടിനായിരുന്നു ഗൂഗിളിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍, 2005 മുതല്‍ സെപ്തംബര്‍ 27 ഗൂഗിളിന്റെ പിറന്നാള്‍ ആയി ആഘോഷിക്കാന്‍ തുടങ്ങി.

Top