ഗോഡ്‌സെയ്ക്ക് ദേശീയ പരിവേഷം നല്‍കിയ സംഭവം: ബിജെപി എം.പി ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: നാഥുറാം ഗോഡ്‌സെയെ ദേശീയവാദിയായി ചിത്രീകരിച്ച സംഭവത്തില്‍ ബിജെപി എംപി സാക്ഷി മഹാരാജ് ഖേദം പ്രകടിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സയെ ദേശീയവാദിയെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷപ്രതിഷേധത്തെ തുടര്‍ന്ന് എംപി പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

അതിനിടെ ഖേദ പ്രകടനത്തിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച സാക്ഷി മഹാരാജിന് നേരെ കൂടുതല്‍ പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി ഒന്നടങ്കം രംഗത്തിറങ്ങി.

രാവിലെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയിലേക്ക് പ്രവേശിച്ചത്.

വ്യാഴാഴ്ച പാര്‍ലമെന്റിന് പുറത്തുവെച്ചാണ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ദേശീയവാദിയാണെന്നു ബിജെപി എംപി സാക്ഷി മഹാരാജ് പ്രസ്താവിച്ചത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയാണ് സാക്ഷി.

Top