ഗോവ അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

പനാജി: ഇന്ത്യയുടെ നാല്‍പ്പത്തഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് ഗോവയില്‍ തിരിതെളിയും. വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ അമിതാബ് ബച്ചനും രജനികാന്തുമാണ് പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന മേളക്ക് തിരികൊളുത്തുക.

മൊഹിസിന്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം’ദ പ്രസിഡന്റാണ് മേളയുടെ ഉദ്ഘാടന ചിത്രം. 75 രാജ്യങ്ങളില്‍ നിന്നുള്ള 179 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 41 ഇന്ത്യന്‍ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. വോംഗ് കാര്‍ വായ് സംവിധാനം ചെയ്ത ഗ്രാന്‍ഡ് മാസ്റ്റര്‍ സമാപന ചിത്രമായും പ്രദര്‍ശിപ്പിക്കും.

ലോക സിനിമ വിഭാഗത്തില്‍ 61 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 9 ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശ്രീഹരി സാത്തെ സംവിധാനം ചെയ്ത മറാത്തി ചിത്രം ഏക് ഹസറാച്ചി നോട്ട്, കൗശിക് ഗാംഗുലി സംവിധാനം ചെയ്ത ബംഗാളി ചിത്രം ചോട്ടേദാര്‍ ചോബി എന്നിവയാണ് മത്സര വിഭാഗത്തിലുള്ള ഇന്ത്യന്‍ സിനിമകള്‍. റിച്ചാര്‍ഡ് ആററന്‍ബറോ, റോബിന്‍ വില്യംസ്, സുചിത്ര സെന്‍, സോറ സെഗാള്‍, ഗുല്‍സാര്‍ തുടങ്ങിയവരുടെ റിട്രോസ്‌പെക്ടീവുകളും മേളയുടെ പ്രത്യേകതകളാണ്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അവയില്‍ ഏഴു മലയാള ചിത്രങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. നോര്‍ത്ത് 24 കാതം, ഞാന്‍, ദൃശ്യം, 1983, ഞാന്‍ സ്റ്റിവ് ലോപ്പസ്, മുന്നറിയിപ്പ്, എന്നിവയാണ് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങള്‍.

മേളയുടെ സിഗ്‌നേച്ചര്‍ ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നതും മലയാളിയായ ഷാജി എന്‍ കരുണാണ്. ഡാന്‍സസ് ഓഫ് പീക്കോക്ക് എന്നാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള സിഗ്‌നേച്ചര്‍ ഫിലിമിന്റെ പേര്. ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അനുപം ഖേറും രവീണാ ടണ്ഡനുമാണ് അവതാരകര്‍

Top