ഗ്രാന്റ് വിറ്റാരയുടേയും കിസാഷിയുടേയും ഉത്പാദനം അവസാനിപ്പിക്കുന്നു

മാരുതി സുസുക്കി തങ്ങളുടെ എസ്.യു.വിയായ ഗ്രാന്റ് വിറ്റാരയുടേയും കിസാഷിയുടേയും ഉത്പാദനം നിര്‍ത്തുന്നു. ഇരു വാഹനങ്ങളുടേയും ഉത്പാദനം ഇന്ത്യയില്‍ നേരത്തെ ഏകദേശം അവസാനിപ്പിച്ച മട്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്. പുതിയ പ്ലാറ്റ്‌ഫോമിന്റെ പിന്‍ബലത്തിലെത്തുന്ന ‘ഐ വി ഫോറിനെയാണ് ‘ഗ്രാന്‍ഡ് വിറ്റാരയുടെ പകരക്കാരനായി സുസുക്കി പരിഗണിക്കുന്നത്.

ഉല്‍പ്പാദന ഘട്ടത്തില്‍ ഈ എസ്.യു.വിയെ വിറ്റാര എന്ന പേരിലാവും കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നാണു സൂചന. ഗ്രാന്‍ഡ് വിറ്റാരയെ അപേക്ഷിച്ച് വലിപ്പം കുറവായ ഈ വിറ്റാരയുടെ അടിത്തറ മോണോകോക്ക് പ്ലാറ്റ്‌ഫോമാണെന്ന മാറ്റവുമുണ്ട്. ഗ്രാന്‍ഡ് വിറ്റാരയുടെ അടിത്തറയാവട്ടെ ലാഡര്‍ ഓണ്‍ ഫ്രെയിമായിരുന്നു.

കിസാഷിയുടെ പിന്‍ഗാമിയെ ഇറക്കാതെ പുതിയ സെഡാനായ സിയാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുസുക്കിയുടെ നീക്കം. കിസാഷിയെ അപേക്ഷിച്ച് രണ്ടു പടി പിന്നില്‍ നില്‍ക്കുന്ന സിയാസിനു മികച്ച സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം

1988 മുതല്‍ ആഗോള വിപണിയിലുണ്ടായിരുന്ന വിറ്റാര ഇന്ത്യയിലെത്തുന്നത് 2007ലാണ്. ഇന്ത്യയില്‍ മാരുതി സുസുക്കി ഏറെ കൊട്ടിഘോഷിച്ച് 2011 ല്‍ പുറത്തിറക്കിയ കിസാഷി 2009 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ സജീവമായിരുന്നു.

Top