ഗൗരിയമ്മക്കെതിരായ പരാമര്‍ശം: പി.സി.ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു

തിരുവനന്തപുരം: കെ.ആര്‍.ഗൗരിയമ്മക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ ജോര്‍ജിന് മുന്നറിയിപ്പ് നല്‍കി.

കെ.മുരളീധരന്‍ അദ്ധ്യക്ഷനായ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു താക്കീത്. ഇതാദ്യമായാണ് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരംഗത്തെ താക്കീത് ചെയ്യുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ജോര്‍ജിനെ താക്കീത് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ജോര്‍ജിന്റെ നടപടി നിയമസഭയുടെ മര്യാദയ്ക്ക് ചേരാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് നിയമസഭ ശബ്ദവോട്ടോടെ അംഗീകരിക്കുകയായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

2013 ലാണു കെ.ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണപിള്ള, ടി.വി. തോമസ് എന്നിവര്‍ക്കെതിരേ ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. ജോര്‍ജിന്റെ സംഭാഷണം ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പരാതിയെ തുടര്‍ന്ന് അന്നു സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയനാണ് സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിവിലേജ് കമ്മിറ്റിക്കു രൂപം നല്‍കിയത്.

‘ഗൗരിയമ്മ യു.ഡി.എഫിന്റെ കഷ്ടകാലമാണ്. അവര്‍ക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണ്’ ഇതായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം.

അതേസമയം, നടപടി ആദരവോടെ സ്വീകരിക്കുന്നുവെന്ന് പി.സി. ജോർജ് പ്രതികരിച്ചു. വീട്ടിലിരുന്നു സംസാരിച്ചപ്പോൾ ഒളിക്യാമറയിൽ പകർത്തിയതാണിത്. ഇക്കാര്യം സഭ ശ്രദ്ധിക്കണമെന്നും ജോർജ് കൂട്ടിച്ചേർത്തു

Top