കണ്ണൂര്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന ബാലഗോകുലത്തിന്റെ ശോഭയാത്രയും ബാലസംഘത്തിന്റെ ഘോഷയാത്രയും പൊലീസ് ഘോഷയാത്രയാകും.
ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭയാത്രയില്‍ പങ്കെടുക്കാന്‍ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബങ്ങളോട് ആര്‍.എസ്.എസ് നേതത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍.എസ് എസ് യൂണിഫോമില്‍ കുറുവടികളുമായി പ്രത്യേക സംരക്ഷണവുമുണ്ടാകും.
പാര്‍ട്ടി കുടുംബങ്ങളില്‍ നിന്ന് പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാനാണ് സി.പി.എം നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
റെഡ് വോളണ്ടിയര്‍മാരുടെ സുരക്ഷയും ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളില്‍ സി.പി.എം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആര്‍.എസ്.എസ്- സി.പി.എം സംഘര്‍ഷം മൂര്‍ച്ചിച്ചിരിക്കെ നടക്കുന്ന ഘോഷയാത്രകള്‍ സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാന്‍ വലിയ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
വിവിധ ബറ്റാലിയനുകളില്‍ നിന്ന് സായുധരായ പൊലീസിനെ ശോഭയാത്രക്കും ബാലസംഘ ഘോഷയാത്രക്കും അകമ്പടിക്ക് അയക്കാനാണ് ഉന്നത പൊലീസ് യോഗത്തിലെ തീരുമാനം.
സംഘര്‍ഷ സാധ്യതയുളള്ള സ്ഥലങ്ങളില്‍ പ്രത്യേക പൊലീസ് പിക്കറ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, സംവിധാങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
ഇരു വിഭാഗത്തിന്റെയും ഘോഷയാത്രകള്‍ പരസ്പരം മുഖാ മുഖം വരുന്നത് ഒഴിവാക്കാന്‍ ഇരു വിഭാഗങ്ങളുമായി സംസാരിച്ച് ധാരണയിലെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
കുട്ടികള്‍ ഭൂരിപക്ഷം പങ്കെടുക്കുന്ന ഘോഷയാത്രകളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ അത് രാജ്യവ്യാപകമായി തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങളും അതീവ ജാഗ്രതയിലാണ്.
സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കാതിരിക്കാന്‍ പ്രത്യേക ബാഡ്ജുകള്‍ ഘോഷയാത്രകളില്‍ പങ്കെടുക്കുന്നവര്‍ക്കായി ഇരുവിഭാഗവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിശ്ചല ദൃശ്യങ്ങള്‍ കാണാന്‍ തടിച്ച് കൂടുന്ന ജനങ്ങള്‍ക്ക് സായുധ പൊലീസിന്റെ ‘ദൃശ്യങ്ങളും’ നിറക്കാഴ്ചയാകും.
സംസ്ഥാന വ്യാപകമായി ശോഭയാത്രക്ക് സമാനമായ ഘോഷയാത്ര ബാലസംഘത്തിന്റെ നേതൃത്വത്തില്‍ സി.പി.എം നടത്തുന്നുണ്ടെങ്കിലും ഏറ്റവും അധികം സംഘര്‍ഷ സാധ്യത പൊലീസ് കാണുന്നത് കണ്ണൂരാണ്.
കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ കൊല്ലപ്പെട്ട സ്ഥലത്ത് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം സ്ഥിതിഗതികള്‍ വഷളാക്കിയതായാണ് പൊലീസിന്റെ വിലയിരുത്തല്‍.
കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പരിശീലനത്തിനായി സംസ്ഥാനത്തിന് പുറത്തായതിനാല്‍ കണ്ണൂര്‍ എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം.
നീതിപൂര്‍വ്വമായ നടപടി എസ്.പിയുടെ ഭാഗത്ത് നിന്നില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് പ്രമോട്ടി ഐ.പി.എസുകാരനായ ഉണ്ണിരാജ.
അര്‍.എസ്.എസിന് അനുകൂലമായ നിലപാടാണ് ഉണ്ണിരാജ സ്വീകരിക്കുന്നതെന്നാണ് സി.പി.എമ്മും ആരോപിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കണ്ണൂര്‍ കേന്ദ്രീകരിക്കാന്‍ നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.