ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ജര്‍മ്മനിയോടു തോറ്റു

ഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക് ചാമ്പ്യന്മാരായ ജര്‍മനിയോട് തോറ്റു. കളി തീരാന്‍ 40 സെക്കന്‍ഡ് ബാക്കി നില്‌ക്കെ വഴങ്ങിയ ഗോളായിരുന്നു ഇന്ത്യയ്ക്ക് തോല്‍വി സമ്മാനിച്ചത്. ഞായറാഴ്ച നടക്കുന്ന കളിയില്‍ ഇന്ത്യ അര്‍ജന്റീനയെ എതിരിടും.

മത്സരത്തിലുടനീളം ആവേശോജ്വലമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് ഗോള്‍ മാത്രം നേടാനായില്ല. ധരംവീറും ആകാശ്ദീപ് സിങ്ങും സുനിലും ജര്‍മന്‍ ‘ഡി’യ്ക്കുള്ളില്‍ തമ്പടിച്ചെങ്കിലും ഗോള്‍ നേടാനായില്ല. എതിരാളികളുടെ കാലില്‍ പന്തെത്തിച്ച് പെനാല്‍ട്ടി കോര്‍ണറുകള്‍ നേടുന്നതിലും ഇന്ത്യന്‍ സംഘം പരാജയപ്പെട്ടു. കരുതലോടെ കളിച്ച ജര്‍മനിയ്ക്കും നാലു പെനാല്‍ട്ടി കോര്‍ണറുകള്‍ കിട്ടിയെങ്കിലും അവയിലൊന്നു പോലും ലക്ഷ്യത്തിലെത്തിയില്ല.

ശ്രീജേഷാണ് കളിയിലെ താരം. പെനാല്‍ട്ടി 8. 26, 35, 49 മിനിറ്റുകളിലാണ് ജര്‍മനിക്ക് പെനാല്‍ട്ടി കോര്‍ണറുകള്‍ കിട്ടിയത്. ആദ്യത്തേത് രൂപീന്ദര്‍ സിങ് രക്ഷപ്പെടുത്തിയെങ്കില്‍ രണ്ടു മൂന്നും ഷോട്ടുകള്‍ ശ്രീജേഷ് നിഷ്ഫലമാക്കി.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് 3-1ന് അട്ടിമിറിച്ചു. അതിവേഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ ടീം ബെല്‍ജിയം മറ്റൊരു മത്സരത്തില്‍ പാകിസ്താനെയും തോല്പിച്ചു (2-1).

Top