റോമ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരുടെ ഗോള്‍ വര്‍ഷം. എട്ടു മല്‍സരങ്ങളില്‍ വീണത് 36 ഗോളുകള്‍. ഗ്രൂപ്പിലെ മൂന്നംഘട്ട മത്സരങ്ങളാണ് ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലേതന്നെ അപൂര്‍വ ഗോള്‍ വര്‍ഷത്തിനു സാക്ഷായിയത്.
മുന്‍ ചാമ്പ്യന്മാരായ ബയേണ്‍മ്യൂണിക്ക് 7-1ന് റോമയേയും ചെല്‍സി ആറുഗോളിന് മാര്‍ബറിനേയും ബാഴ്‌സലോണ 3-1ന് അജാക്‌സിനേയും ഷാല്‍ക്കേ 4-3ന് സ്‌പോര്‍ട്ടിംഗിനേയും തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി സി.എസ്.കെ മോസ്‌കോ മല്‍സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.
ബയേണ്‍ മ്യൂണിക്കായിരുന്നു ഗോള്‍ വര്‍ഷത്തില്‍ ഒരു പടി മുന്നില്‍ നിന്നത്. ബയേണിന് വേണ്ടി ഡച്ച് താരം ആര്യന്‍ റോബന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മരിയോ ഗോട്‌സെ, ലെവന്റോവിസ്‌കി, തോമസ് മുള്ളര്‍, ഫ്രങ്ക് റിബറി, ഷാഖിരി എന്നീ പ്രമുഖരും സ്‌കോര്‍ ചെയ്തു. ഗെര്‍വീനോയുടെ വകയായിരുന്നു റോമയുടെ ആശ്വാസ ഗോള്‍.ചെല്‍സി ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് മരിബോയെ തകര്‍ത്തപ്പോള്‍ ഗോള്‍ വേട്ടയില്‍ മുന്നില്‍ നിന്നത് ഈഡന്‍ ഹസാര്‍ഡ്. റെമി, ദ്രോഗ്ബ, ടെറി എന്നിവരും ചെല്‍സിക്ക് വേണ്ടി ലക്ഷ്യം കണ്ടു.
ബാഴ്‌സലോണ അജാക്‌സിനെ 3-1ന് തോല്‍പിച്ചു. സൂപ്പര്‍ താരങ്ങളായ നെയ്മറും മെസ്സിയും ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ അവസാന മിനിറ്റില്‍ റാമിറസിന്റെ വകയായിരുന്നു ബാഴ്‌സയുടെ മൂന്നാം ഗോള്‍.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയെ സിഎസ്‌കെ മോസ്‌കോ 2-2ന് സമനിലയില്‍ തളച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു സിഎസ്‌കെയുടെ തിരിച്ചുവരവ്.