ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാനതകളില്ലാത്ത ബന്ധമാണ് അമേരിക്കയ്ക്ക് ഉള്ളതെന്ന് ബറാക്ക ഒബാമ പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അദ്ധ്യായം തുറന്നു. രണ്ട് സംസ്‌കാരമാണെങ്കിലും ഇന്ത്യയും അമേരിക്കയും പിന്തുടരുന്നത് ഒരേ മൂല്യങ്ങളാണ്. മധ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മ ഇന്ത്യയിലാണ്. ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വമാണെന്നും ഒബാമ പറഞ്ഞു.
ഇന്ത്യയുടെ യുവത്വത്തില്‍ തനിക്ക് പ്രതീക്ഷയുണ്ട്. തന്റെ സന്ദര്‍ശനത്തോടെ ഇന്ത്യ അമേരിക്ക ബന്ധം സുദൃഢമായി. റിപ്പബ്ലിക്ക് ദിനാഘോഷത്തിന് വിശിഷ്ഠാഥിതിയായി തന്നെ ക്ഷണിച്ചത് ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.തന്റെ കൂടി നാടായ ഷിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം സഹോദരി സഹോദരന്‍മാരെ എന്നു അഭിസംബോധന ചെയ്താണ് തുടങ്ങിയത്. ഇവിടെ തനിക്കും അങ്ങനെ അഭിസംബോധന ചെയ്യാനാണ് തോന്നുന്നത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍ അതിമനോഹരമാണ്. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിവിധ മേഖലയിലെ 2000 പേരോട് നടത്തിയ പ്രഭാഷണത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.