ന്യൂയോര്‍ക്ക്: ചിമ്പാന്‍സികളെ മനുഷ്യരെപ്പോലെ പരിഗണിക്കാനാവില്ലെന്നും അതിനാല്‍ ഉടമയുടെ തടങ്കലില്‍ നിന്നു വിട്ടയക്കാനാവില്ലെന്നും യു.എസ്. കോടതി ഉത്തരവിട്ടു. ഫുള്‍ട്ടണ്‍ കൗണ്ടിയിലെ പാട്രിക് ലവെറി എന്നയാളുടെ ഉടമസ്ഥതയിലുള്ള ടോമി എന്ന 40 വയസ്സുള്ള ചിമ്പാന്‍സിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നോണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന നല്‍കിയ ഹരജിയാണു മൂന്നു ജഡ്ജിമാര്‍ അടങ്ങിയ കോടതിയുടെ അപ്‌ലറ്റ് ഡിവിഷന്‍ തള്ളിയത്.
ചിമ്പാന്‍സിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടന നല്‍കിയ ഹരജി വിചാരണക്കോടതിയും തള്ളിയിരുന്നു. മനുഷ്യരുടേതിനു സമാനമായ സവിശേഷതകള്‍ ഉണെ്ടന്നും അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം അടക്കം മനുഷ്യര്‍ക്കുള്ള അവകാശങ്ങളെല്ലാം ചിമ്പാന്‍സികള്‍ക്കുമുണെ്ടന്നും കാണിച്ചാണ് ഹരജി നല്‍കിയത്. ഏകാന്ത തടവില്‍ കഴിയുന്ന മനുഷ്യരുടേതിനു സമാനമായ അവസ്ഥയാണ് ടോമിയുടേതെന്നു സംഘടനയ്ക്കുവേണ്ടി ഹാജരായ സ്റ്റീവ് വൈസ് പറഞ്ഞു. എന്നാല്‍, സമാനതകളുണെ്ടങ്കിലും ചിമ്പാന്‍സികളെ മനുഷ്യരെപ്പോലെ കണക്കാക്കാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ആയതിനാല്‍ മനുഷ്യര്‍ക്കുള്ള നിയമപരമായ പരിരക്ഷയും അവകാശവും ചിമ്പാന്‍സികള്‍ക്കു ലഭിക്കില്ല. നീതിന്യായ വ്യവസ്ഥയില്‍ മൃഗങ്ങളെ വ്യക്തികളായി പരിഗണിച്ച ഒരു കീഴ്‌വഴക്കമില്ല. മാത്രവുമല്ല, ഉടമ ചിമ്പാന്‍സിയെ ദ്രോഹിച്ചതായി പരാതിയില്ലെന്നും കോടതി വ്യക്തമാക്കി. കോടതിവിധിക്കെതിരേ അപ്പീല്‍ പോവുമെന്നു സംഘടന അറിയിച്ചിട്ടുണ്ട്.
ഗ്ലോവേഴ്‌സ്‌വില്ലെയിലെ ഭവനത്തില്‍ താമസിക്കുന്ന ടോമിയെ ഒരു വിനോദകേന്ദ്രത്തില്‍ നിന്നു 10 വര്‍ഷം മുമ്പാണ് ലവെറി വാങ്ങിയത്.