കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ ചുംബനസമരത്തിനെതിരായ കെ.എസ്.യു പ്രതിഷേധത്തിനെതിരെ ആര്യാടന്‍ ഷൗക്കത്ത്. കെപിസിസിയുടെ സാംസ്‌ക്കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്‌യുവിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ചുംബനസമരക്കാരെ ആക്രമിക്കാന്‍ യുവമോര്‍ച്ചയും പോപുലര്‍ഫ്രണ്ടും ഒന്നിച്ചപ്പോള്‍ ഇതിനിടയില്‍ കെഎസ്‌യുവിന്റെ നീലപതാകയും കണ്ടത് വേദനിപ്പിച്ചെന്നാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചുംബനസമരം സദാചാര പോലീസ് വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വിജയിച്ചു. എന്നാല്‍ ചുംബനസമരമെന്ന പേരിട്ടതിനാല്‍ സദാചാരപോലീസിനെതിരായ ബഹുഭൂരിപക്ഷം മലയാളികളുടെയും പിന്തുണ നേടുന്നതില്‍ സമരക്കാര്‍ പരാജയപ്പെട്ടു. ചുംബനസമരമല്ല സദാചാര പോലീസിനെതിരായ മതേതരകൂട്ടായ്മയാണ് ആവശ്യമെന്നും വ്യക്തമാക്കി.
കേരളത്തിലെ കാമ്പസുകളില്‍ മാറ്റത്തിന്റെ വെളിച്ചമെത്തിച്ച പ്രസ്ഥാനമാണ് കെഎസ്‌യു. എന്നാല്‍ പുതുതലമുറക്കാരുടെ സമരത്തിനെതിരായ കെഎസ്‌യു സമരം വേണ്ടിയിരുന്നില്ല. സമരരീതിയിലെ എതിര്‍പ്പു പ്രകടിപ്പിച്ച് സദാചാര പോലീസിങ്ങിനെതിരെ പ്രതികരിക്കാമായിരുന്നു.
കാമ്പസുകളില്‍ ആണ്‍കുട്ടികളും പെ്ണ്‍കുട്ടികളും ഒന്നിച്ചിരുന്നാലും സൗഹൃദം പങ്കിട്ടാലും എതിര്‍പ്പുമായി ചാടി വീഴുന്ന സദാചാരവാദികള്‍ക്ക് ശക്തിപകരുന്നതായിപോയി കെഎസ്‌യുവിന്റെ നടപടി. ഒന്നിച്ചു പഠിക്കാനും സ്‌നേഹിക്കാനും ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു ഒരു കാലത്ത് നമ്മുടെ കാമ്പസുകള്‍. ജാതിയും മതവും നോക്കാതെ സ്‌നേഹിച്ചും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നും മാതൃക കാട്ടിയവരായിരുന്നു മുന്‍തലമുറ. അവരില്‍ കെഎസ്‌യുവിന് രൂപം നല്‍കിയ വയലാര്‍ രവിയടക്കമുള്ള നേതാക്കളുമുണ്ട്. ഇപ്പോള്‍ കാമ്പസുകളില്‍ കുട്ടികള്‍ക്ക് പരസ്പരം മിണ്ടാനും സൗഹൃദം പങ്കുവെക്കാനും പോലും പേടിയാണ്. മുസ്ലീം പെണ്‍കുട്ടി ഹിന്ദു ചെറുപ്പക്കാരനോട് മിണ്ടിയാല്‍ സദാചാര പോലീസാകുന്നത് പോപുലര്‍ ഫ്രണ്ടുകാരാണ്. മറിച്ചായാല്‍ യുവമോര്‍ച്ചയും ഹിന്ദുത്വ ഫാസിസ്റ്റുകളും. ഇതിനിടയില്‍ കെഎസ്‌യുവിന്റെ നീലപതാകയും കണ്ടത് ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കും. ഇനി എത്ര വിശദീകരണം നല്കിയാലുമെന്നാണ് ആര്യാടന്‍ ഷൗക്കത്ത് വിമര്‍ശിക്കുന്നത്.
ചുംബന സമരമെന്ന പേരിനോട് വിയോജിക്കുമ്പോഴും അത് ഉയര്‍ത്തുന്ന ‘സദാചാര പോലീസി’ങ്ങിനെതിരായ പ്രതിഷേധം മതേതര, ജനാധിപത്യവിശ്വാസികള്‍ ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചുംബന സമരമല്ല; ‘സദാചാര പോലീസി’നെതിരെ വേണ്ടത് മതേതര കൂട്ടായ്മ
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരവും അതിനെതിരെ നടന്ന അക്രമാസക്തമായ പ്രതിഷേധവുമാണ് ‘സദാചാര പോലീസി’നെക്കുറിച്ചുള്ള പുതിയ ചര്‍ച്ചക്ക് വഴിതെളിയിക്കുന്നത്. കോഴിക്കോെട്ട കാപ്പിക്കട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് കൊച്ചിയില്‍ ചുംബന സമരമായത്. ആണും പെണ്ണും ഒിച്ചിരുന്ന് കാപ്പികുടിക്കുന്നതില്‍ അനാശാസ്യം കാണുന്നവര്‍ക്കെതിരായ പ്രതിഷേധമായി ചുംബന സമരം നടത്തിയവര്‍ ‘സദാചാര പോലീസ്’ വിഷയം ജനശ്രദ്ധയില്‍കൊണ്ടുവരുന്നതില്‍ വിജയിച്ചു. ഭൂരിപക്ഷം മലയാളികളും മതതീവ്രവാദ, ഫാസിസ്റ്റ് സംഘങ്ങള്‍ ‘സാദാചാര പോലീസ്’ ചമഞ്ഞ് നടത്തുന്ന ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരാണ്. എന്നാല്‍ ചുംബന സമരമെന്ന പേരിട്ടതിനാല്‍ ‘സദാചാര പോലീസി’നെതിരായ പ്രതിഷേധത്തില്‍ ഇവരുടെ പങ്കാളിത്തമുണ്ടാക്കുന്നതില്‍ സമരക്കാര്‍ പരാജയപ്പെടുകയും ചെയ്തു.
ചുംബനസമരത്തിനെതിരെയുള്ള പ്രതിഷേധക്കാരുടെ തനിനിറവും നമുക്ക് കാണാനായി പോപുലര്‍ ഫ്രണ്ടുകാരും യുവമോര്‍ച്ചക്കാരും സമരക്കാരെ ആക്രമിക്കുന്നതില്‍ ഒന്നിച്ചു. മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും ആക്രോശങ്ങള്‍ക്കിടയില്‍ കെ.എസ്.യുവിന്റെ നീലപതാകയും കാണേണ്ടി വന്നു.
കേരളത്തിലെ കാമ്പസുകളില്‍ മാറ്റത്തിന്റെ വെളിച്ചമെത്തിച്ച പ്രസ്ഥാനമാണ് കെഎസ്‌യു. പുതിയ ചിന്തകളും അവകാശബോധവും വിദ്യാര്‍ത്ഥി കള്‍ക്ക് പകര്‍ന്ന് നല്‍കിയാണ് കെഎസ്‌യു വളര്‍ന്നു വന്നത്. എന്നാല്‍ ഇപ്പോള്‍ പുതുതലമുറക്കാരുടെ പ്രതിഷേധത്തിനെതിരെ കെഎസ്‌യുവിന്റെ സമരം വേണ്ടിയിരുന്നില്ല. സമരരീതിയിലെ എതിര്‍പ്പ് പ്രകടിപ്പിച്ച് ‘സദാചാര പോലീസിങ്ങിനെതിരെ പ്രതികരിക്കാമായിരുന്നു.
കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാലും സൗഹൃദം പങ്കിട്ടാലും എതിര്‍പ്പുമായി ചാടി വീഴുന്ന ‘സദാചാരവാദികള്‍ക്ക്’ ശക്തിപകരുന്നതായിപോയി കെ.എസ്.യുവിന്റെ നടപടി.
ഒന്നിച്ചു പഠിക്കാനും സ്‌നേഹിക്കാനും ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു ഒരു കാലത്ത് നമ്മുടെ കാമ്പസുകള്‍. ജാതിയും മതവും നോക്കാതെ സ്‌നേഹിച്ചും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നും മാതൃകകാട്ടിയവരായിരുന്നു മുന്‍ തലമുറ. അവരില്‍ കെഎസ്‌യുവിന് രൂപം നല്‍കിയ വയലാര്‍ രവിയടക്കമുള്ള നേതാക്കളുമുണ്ട്. ഇപ്പോള്‍ കാമ്പസുകളില്‍ കുട്ടികള്‍ക്ക് പരസ്പരം മിണ്ടാനും സൗഹൃദം പങ്കുവെക്കാനും പോലും പേടിയാണ്. മുസ്ലീം പെണ്‍കുട്ടി ഹിന്ദു ചെറുപ്പക്കാരനോട് മിണ്ടിയാല്‍ ‘സദാചാര പോലീസാ’കുന്നത് പോപുലര്‍ ഫ്രണ്ടുകാരാണ്. മറിച്ചായാല്‍ യുവമോര്‍ച്ചയും ഹിന്ദുത്വ ഫാസിസ്റ്റുകളും. ഇതിനിടയില്‍ കെഎസ്‌യുവിന്റെ നീലപതാകയും കണ്ടത് ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കും. ഇനി എത്ര വിശദീകരണം നല്‍കിയാലും…!!
ചുംബന സമരമെന്ന പേരിനോട് വിയോജിക്കുമ്പോഴും അത് ഉയര്‍ത്തുന്ന ‘സദാചാര പോലീസി’ങ്ങിനെതിരായ പ്രതിഷേധം മതേതര, ജനാധിപത്യവിശ്വാസികള്‍ ഏറ്റെടുക്കണം. രാഷ്ട്രീയത്തിന് അതീതമായ ജനകീയ കൂട്ടായ്മയാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നു വരേണ്ടത്.