തിരുവനന്തപുരം: ചുംബന സമരക്കാരെ പ്രോത്സാഹിപ്പിക്കുന്ന അഖിലേന്ത്യ പ്രസിഡന്റിന്റെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐയില്‍ പ്രതിഷേധം ശക്തമാകുന്നു.
കിസ്സ് ഓഫ് ലൗ പ്രവര്‍ത്തകര്‍ സദാചാര പൊലീസിങ്ങിനെതിരെ തുടര്‍ച്ചയായി ചുംബന സമരവുമായി തെരുവിലറങ്ങി ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതിനെ ന്യായീകരിക്കേണ്ടകാര്യം ഡിവൈഎഫ്‌ഐക്കില്ലെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷ ഡിവൈഎഫ്‌ഐ നേതാക്കളുടേയും അഭിപ്രായം.
ചുംബനസമരം ആവര്‍ത്തിക്കുന്നതിനെതിരെ പൊതു സമൂഹത്തിലുയര്‍ന്ന പ്രതിഷേധമാണ് മുന്‍ നിലപാട് മയപ്പെടുത്താന്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
കമിതാക്കളുടെ തുറന്ന ‘പ്രകടന’ത്തില്‍ പ്രകോപിതരായ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ റസ്‌റ്റോറന്റ് അടിച്ചുതകര്‍ക്കുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തതിനെതിരെ എറണാകുളത്ത് സംഘടിപ്പിച്ച ആദ്യഘട്ട ചുംബന സമരത്തെ അനുകൂലിച്ച് തുടക്കംമുതല്‍ രംഗത്ത് വന്നിരുന്നത് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എംബി രാജേഷ് എംപിയാണ്. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്ററില്‍ ചുംബനസമരത്തിനനുകൂലമായ നിലപാട് വരികകൂടി ചെയ്തതോടെ എസ്എഫ്‌ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളും വിപ്ലവ വീര്യം ചുംബന സമരത്തിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.
വിരലിലെണ്ണാവുന്നവര്‍ ചുംബനസമരവുമായി എറണാകുളം കോഴിക്കോട് നഗരങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ അവര്‍ക്ക് ധൈര്യമായത് ഡിവൈഎഫ്‌ഐ – എസ്എഫ്‌ഐ സംഘടനകളുടെ പിന്തുണയായിരുന്നു. അഖിലേന്ത്യ പ്രസിഡന്റിന്റെ ആഹ്വാനം സംഘടനാ കമ്മിറ്റികൂടി തീരുമാനമെടുക്കാതെയായിരുന്നുവെന്ന വിമര്‍ശനവും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. അടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന – ജില്ലാ കമ്മിറ്റികളില്‍ ഈ പ്രശ്‌നം ഉന്നയിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.
സദാചാര പൊലീസിങ്ങിന്റെ പേരില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നിയമം കൈയിലെടുക്കുന്നതിനെതിരെ സംഘടനാപരമായി നേരിടുന്നതിന് പകരം കേരളത്തിന് അന്യമായ ചുംബന സമരംപോലുള്ള കുടുംബങ്ങളെ അലോസരപ്പെടുത്തുന്ന ആഭാസ സമരത്തിന് കൂട്ട് നില്‍ക്കരുതെന്ന വികാരമാണ് സംഘടനയ്ക്കുള്ളില്‍ ഇപ്പോള്‍ ശക്തിപ്പെട്ട് വരുന്നത്.
ജനങ്ങളെ ബാധിക്കുന്ന നിരവധിപ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ട ഈ ഘട്ടത്തില്‍ ഏതാനും ചില ആളുകള്‍ മാധ്യമങ്ങളുടെ പിന്‍തുണയോടെ നടത്തുന്ന ചുംബന സമരത്തെ പിന്‍തുണയ്ക്കുന്നതുകൊണ്ട് സംഘടനയ്ക്ക് ദോഷമല്ലാതെ ഒരു ഗുണവും ഉണ്ടാകില്ലെന്ന നിലപാട് വിവിധ ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തെ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.
പൊതു സമൂഹത്തില്‍ നിന്നുയരുന്ന എതിര്‍പ്പ് മാത്രമല്ല ചുംബന സമരത്തില്‍ പങ്കെടുക്കുന്നവരില്‍ നല്ലൊരു വിഭാഗവും ഡിവൈഎഫ്‌ഐ,എസ്എഫ്‌ഐ സംഘടനകളില്‍ നിന്ന് പല ഘട്ടങ്ങളിലായി പുറത്തുപോയവരാണ് എന്നതും ഡിവൈഎഫ്‌ഐയെ ഇപ്പോള്‍ പ്രതിരോധത്തിലാക്കുന്ന പ്രധാനഘടകമാണ്.
കോഴിക്കോട്ടെ ചുംബന സമരത്തിനെതിരായ അതിക്രമത്തെ അപലപിച്ചപ്പോഴും ജനത്തിരക്കേറിയ ബസ്‌സ്റ്റാന്‍ഡ് പരിസരം സമരവേദിയാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനെ എതിര്‍ക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസും ജോയിന്റ് സെക്രട്ടറി എംഎന്‍ ഷംസീറും തയ്യാറായത് പ്രവര്‍ത്തകരുടെ വികാരം കൂടി മാനിച്ചായിരുന്നു.
മണിക്കൂറുകളോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ രാത്രി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എംബി രാജേഷിന്റെ ആഹ്വാനത്തില്‍ വിശ്വസിച്ച് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയ ചുംബന സമരാനുകൂലികളെ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് തല്ലുമ്പോള്‍ പിടിച്ച് മാറ്റാന്‍ പോലും ഒരു ഡിവൈഎഫ്‌ഐക്കാരനും തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
ശിവസേന -ഹനുമാന്‍സേന ആക്രമണത്തെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് എംബി രാജേഷ് ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് നഗരത്തില്‍ ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയിരുന്നു. ഇത് കണ്ടാണ് രാത്രിയിലും ചുംബനവാദികള്‍ രംഗത്തിറങ്ങി അടിവാങ്ങിയത്.