ചുംബന സമരത്തെ അനുകൂലിച്ച് എംബി രാജേഷിന്റ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: നവംബര്‍ രണ്ടിന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന ചുംബന സമരത്തെ അനുകൂലിച്ച് എംബി രാജേഷ് എംപി. സമരത്തിനോട് യോജിപ്പില്ല എന്നതിന്റെ പേരില്‍ അത് തടയാനും അതിക്രമിക്കാനും ആര്‍ക്കും അവകാശമില്ലെന്നും ഹൈന്ദവ താലിബാനിസത്തോട് ഒരു രീതിയിലും യോജിക്കാനാകില്ലെന്നും എംബി രാജേഷ്. ഫെയ്‌സ്ബുക്കിലൂടെയാണ് രാജേഷ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ചുംബന സമരത്തെ കുറിച്ച് തന്നോട് നിരവധി സുഹൃത്തുക്കള്‍ അഭിപ്രായം ചോദിച്ചിരുന്നു. അതിനാലാണ് ഈ കുറുപ്പ് എഴുതുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാജേഷിന്റെ പോസ്റ്റ്. ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ല. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താം. എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ല എന്ന് പറയുന്ന രാജേഷ് മണിപ്പൂരില്‍ സൈനികരാല്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അവിടുത്തെ സ്ത്രീകള്‍ പ്രതികരിച്ച രീതിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് മണിപ്പൂരില്‍ മനോരമ സിംഗ് എന്ന സാധു യുവതിയെ സൈനികര്‍ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഒരു സംഘം സ്ത്രീകള്‍ നഗ്‌നരായി സൈനിക ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധം ലോക മന:സാക്ഷിയെ പിടിച്ചുലച്ചതായിരുന്നു. ആ നഗ്‌ന പ്രതിഷേധത്തില്‍ അശ്ലീലം കാണാന്‍ മന:സാക്ഷിയും സംസ്‌കാരവും നീതിബോധവുമുള്ള ആര്‍ക്കും കഴിഞ്ഞില്ല. പിന്നെ കേരളത്തിലെ ആള്‍ദൈവങ്ങള്‍ പോലും സ്‌നേഹസാന്ത്വനങ്ങള്‍ പ്രകടിപ്പിക്കുന്നത് പരസ്യ ആലിംഗനങ്ങളിലൂടെയും പരസ്യ ചുംബനങ്ങളിലൂടെയുമാണല്ലോ. അതില്‍ പ്രതിഷേധിക്കാതിരിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്യുന്നവര്‍ എന്തേ മറ്റുള്ളവര്‍ക്ക് ആ അവകാശം നല്‍കുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു.

Top