ചെങ്കൊടിയുടെ ചങ്കെടുക്കുന്ന നിലപാട്; സി.പി.എം നേതൃത്വത്തിനെതിരെ അണികള്‍

തിരുവനന്തപുരം: സി.പി.എമ്മിനെ സ്വയം നാശത്തിലേക്ക് കൊണ്ടുപോകുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ അണികളില്‍ പ്രതിഷേധം ശക്തമാകുന്നു.

എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കേ സദാചാര വിരുദ്ധ പ്രവൃത്തിയെ തുടര്‍ന്ന് പുറത്തായ ഗോപി കോട്ടമുറിക്കലിനെ വീണ്ടും ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിക്കൂട്ടിലായിരുന്ന പി.മോഹനനെ തിരഞ്ഞെടുത്തതുമാണ് സിപി.എം അണികളിലും അനുഭാവികളിലും പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.മോഹനനെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടതാണെങ്കിലും പൊതുസമൂഹത്തിനിടയില്‍ ഇതുസംബന്ധമായ സംശയങ്ങള്‍ ഇപ്പോഴും ദുരീകരിക്കപ്പെടാത്ത പശ്ചാത്തലത്തില്‍ ധൃതി പിടിച്ച് മോഹനനെ സെക്രട്ടറിയാക്കിയത് ശരിയായില്ലെന്ന നിലപാടിലാണ് പാര്‍ട്ടി അണികള്‍.

ഒഞ്ചിയം – വടകര മേഖലകളില്‍ നിന്ന് ടി.പി വധത്തോടെ പാര്‍ട്ടി വിട്ടവരും അസംതൃപ്തരുമായ വലിയ വിഭാഗത്തെ ഇനി പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ പി.മോഹനന്റെ നേതൃത്വത്തിന് കഴിയില്ലെന്ന നിലപാടാണ് അണികള്‍ക്കിടയിലും പ്രാദേശിക നേതാക്കള്‍ക്കിടയിലും ഉള്ളത്.

വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മോഹനന്റെ സ്ഥാനലബ്ദി സി.പി.എമ്മിന് പുതിയ പരീക്ഷണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കേ പാര്‍ട്ടി ഓഫീസില്‍ സദചാര വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് നടപടിക്ക് വിധേയനായ ഗോപി കോട്ടമുറിക്കലിനെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുക വഴി തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് പാര്‍ട്ടി നല്‍കുന്നതെന്ന വികാരവും അണികള്‍ക്കിടയില്‍ ശക്തമാണ്. സ്ത്രീകള്‍ അടക്കമുള്ളവരെ ഇക്കാര്യങ്ങള്‍ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ പോലും ആശങ്കയുണ്ട്.

ആലപ്പുഴ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളല്ല കോഴിക്കോട്-എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായ മോഹനന്റെയും ഗോപി കോട്ടമുറിക്കലിന്റെയും സ്ഥാനാരോഹണമാണ് പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയതെന്ന വിലയിരുത്തല്‍ സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ ശക്തമാണ്.

മാധ്യമ ചര്‍ച്ചകളില്‍ പാര്‍ട്ടിയെ ഇരുത്തി ‘പൊരിക്കാന്‍’ പാര്‍ട്ടി വിരുദ്ധര്‍ക്കും മാധ്യമങ്ങള്‍ക്കും അവസരം നല്‍കിയത് ‘ചരിത്രപരമായ’ മണ്ടത്തരമായി പോയെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കള്‍.

Top