ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി

csk3-1400727615

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാത് വെയ്പ്പ് വിവാദത്തില്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി ബി.സി.സി.ഐയോട് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ടീമിന്റെ യഥാര്‍ത്ഥ ഉടമകള്‍ ആരാണെന്ന് വ്യക്തമാക്കണം. അംഗീകാരം റദ്ദാക്കാനാലശ്യമായ തെളിവുകള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമിന്റെ ഓഹരിഘടന സംബന്ധിച്ച വിവരങ്ങള്‍ വിശദമായി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ടീമിന്റെ ഉടമയും അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ എന്‍.ശ്രീനിവാസന്റെ ഇന്ത്യ സിമന്റിസിന് ടീമില്‍ എത്ര പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കണം. ശ്രീനിവാസന് മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കോ മറ്റോ ഓഹരി പങ്കാളിത്തമോ ഉണ്ടെങ്കില്‍ അതും വ്യക്തമാക്കേണ്ടി വരും. വിശദവിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയെ അറിയിക്കണം. ടീമിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരാണെന്ന് അറിയാന്‍ ഇതിലൂടെ കഴിയുമെന്ന് ജസ്റ്റീസുമാരായ ടി.എസ്.ഠാക്കൂര്‍, എഫ്.എം.ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ ടീമിന്റെ ഉദ്യോഗസ്ഥനാണെന്ന് ഇതാദ്യമായി, ബി.സി.സി.ഐ കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. ടീമിന്റെ സി.ഇ.ഒ എന്ന നിലയിലാണ് മെയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ടീമുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു ബി.സി.സി.ഐയുടെ മുന്‍ നിലപാട്.

Top