ചെന്നൈ: എല്ലാ വര്‍ഷവും വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറാറുള്ളത്. ഇത്തവണ ഐപിഎല്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ വിവാദങ്ങളില്ലാത്ത ഐപിഎല്‍ എന്ന് ആശ്വസിക്കുകയായിരുന്നു ബിസിസിഐ നേതൃത്വം. എന്നാല്‍ ബിസിസിഐയെ വെട്ടിലാക്കിക്കൊണ്ട് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെയും മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെയും പേരില്‍ പുതിയൊരു വിവാദം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്.
ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മതിപ്പുവില വെറും അഞ്ചുലക്ഷമാണെന്ന വിവരമാണ് പുതിയ വിവാദത്തിന് ആധാരം. എന്നാല്‍ ടീം അധികൃതര്‍ നല്‍കിയ മതിപ്പുവില അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഐപിഎല്‍ ഭരണസമിതി.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ ശ്രീനിവാസന് വീണ്ടും മല്‍സരിക്കാനായി ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഉടമസ്ഥാവകാശം ഇന്ത്യാ സിമന്റ്‌സ് ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ സിമന്റ്‌സിന്റെ തന്നെ ഉപസ്ഥാപനമായി, ചെന്നൈ സൂപ്പര്‍കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡ് എന്ന പേരില്‍ പുതുതായി രൂപീകരിച്ച കമ്പനിക്കാണ് ടീമിന്റെ ഉടമസ്ഥാവകാശം കൈമാറിയത്. ഐപിഎല്‍ നിയമാവലി പ്രകാരം ടീമിന്റെ ഉടമസ്ഥാവകാശം കൈമാറുമ്പോള്‍ മതിപ്പുവിലയുടെ അഞ്ചുശതമാനം ബിസിസിഐയ്ക്കു കൈമാറണം. ഇതുപ്രകാരം ടീമിന്റെ മതിപ്പുവില വെറും അഞ്ചുലക്ഷം രൂപയെന്ന് കാണിച്ചു 25000 രൂപയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡ് ബിസിസിഐയ്ക്കു നല്‍കിയത്.
ഈ വിവരങ്ങള്‍ എന്‍ ശ്രീനിവാസനെ അനുകൂലിച്ചിരുന്ന മുന്‍ ഐപിഎല്‍ ഭരണസമിതി മറച്ചുവെക്കുകയായിരുന്നു.
എന്നാല്‍ പുതിയ ഭരണസമിതി വന്നതോടെ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡ് നല്‍കിയ ടീമിന്റെ മതിപ്പുവില സംബന്ധിച്ച കണക്കുകള്‍ അംഗീകരിക്കാന്‍ വിമുഖത കാട്ടുകയായിരുന്നു. ഭരണസമിതിയിലെ പ്രത്യേക ക്ഷണിതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ വിഷയം പരസ്യമായി ഉന്നയിച്ചത്. 2014ല്‍ 450 കോടി രൂപ മതിപ്പുവിലയുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എങ്ങനെ ഒരുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം മാത്രം ആസ്തിയുള്ള ടീമായി മാറിയെന്നും സിന്ധ്യ ചോദിക്കുന്നു. കഴിഞ്ഞവര്‍ഷം വരെ വാര്‍ഷിക ഫ്രാഞ്ചൈസി ഫീസായി പ്രതിവര്‍ഷം 40 കോടി രൂപയാണ് ഇന്ത്യ സിമന്റ്‌സ് ഒടുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ ശ്രീനിവാസന്റെ പിന്തുണയോടെ ബിസിസിഐ അദ്ധ്യക്ഷനായതിനാല്‍ ജഗ്മോഹന്‍ ഡാല്‍മിയ മൗനം പാലിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ടീമിന്റെ മതിപ്പുവില സംബന്ധിച്ച ശരിയായ കണക്കുകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ഐപിഎല്‍ ഭരണസമിതി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ഐപിഎല്ലില്‍ രണ്ടു തവണ ജേതാക്കളാകുകയും മൂന്നുതവണ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്ത ടീമാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെ എല്ലാ സീസണുകളിലും ടീം നിലനിര്‍ത്തുകയും ചെയ്തു. കൂടാതെ എല്ലാ വര്‍ഷവും വമ്പന്‍ താരനിരയെ അണിനിരത്തിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ഐപിഎല്ലില്‍ കളിക്കുന്നത്. ടീമിന് വിവിധതരത്തില്‍ കോടികണക്കിന് രൂപ വരുമാനമായി ലഭിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും പുതിയ വിവാദം വരുംദിവസങ്ങളിലും കത്തിപ്പടരുമെന്നാണ് വിവരം. എന്‍ ശ്രീനിവാസന്റെ പിന്തുണയോടെയാണ് അദ്ധ്യക്ഷനായതെങ്കിലും, ബിസിസിഐയിലെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജഗ്മോഹന്‍ ഡാല്‍മിയ സൂപ്പര്‍കിങ്‌സ് വിവാദം കരുവാക്കുമെന്നും സൂചനയുണ്ട്.