ചെറിയ ഇടവേളയ്ക്ക് ശേഷം അനന്യ മലയാളത്തില്‍ അഭിനയിക്കുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം യുവനടി അനന്യ മലയാളത്തില്‍ മടങ്ങിയെത്തുന്നു. 2012ല്‍ ഇറങ്ങിയ ലാസ്റ്റ ബെഞ്ച് എന്ന സിനിമ സംവിധാനം ചെയ്ത ജിജു അശോകന്‍ അടുത്തതായി ഒരുക്കുന്ന ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിലൂടെയാണ് അനന്യ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

കല്യാണിസം എന്ന സിനിമയിലാണ് അനന്യ ഒടുവില്‍ അഭിനയിയിച്ച മലയാള ചിത്രം. പക്ഷേ ചിത്രം തീയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

ജിജു തന്നെയാണ് സിനിമയ്ക്ക് തിരക്കഥയും ഒരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടും എന്നാല്‍ ത്രില്ലിംഗായ ക്ലൈമാക്‌സുമുള്ള സിനിമയായിരിക്കും ഇതെന്ന് ജിജു പറഞ്ഞു. നായകനും നായികയുമൊന്നും ഈ സിനിമയിലില്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ പ്രാധാന്യം ഉണ്ടാവും. സംവിധായകന്‍ പറഞ്ഞു.

ലാല്‍, വിനയ് ഫോര്‍ട്ട്, ജാനകി, അജു വര്‍ഗീസ്, ചെന്പന്‍ വിനോദ്, സുനില്‍ സുഖദ, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ഒറ്റപ്പാലം, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, പഴനി, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുക.

Top