ചെറുഹാച്ച്ബാക്ക് വിപണി കീഴടക്കാന്‍ റിനോ ക്വീഡ് എത്തുന്നു

മാരുതി ആള്‍ട്ടോ 800 അടക്കമുള്ള ചെറു ഹാച്ച്ബാക്കുകളുടെ വിപണിയിലേക്ക് റിനോ എത്തിക്കുന്ന പുതിയ വാഹനമാണ് ക്വിഡ്. ഈ സെഗ്മെന്റിലെ പല നടപ്പുരീതികളെയും തകര്‍ക്കാന്‍ റിനോയുടെ വരവിന് സാധിക്കുമെന്നുറപ്പാണ്. ഡിസൈന്‍ സൗന്ദര്യത്തിന് റിനോ നല്‍കിയിട്ടുള്ള പ്രാധാന്യം ആരെയും ആകര്‍ഷിക്കും.

റിനോ ക്വിഡിന്റെ നീളം 3.68 മീറ്ററായിരിക്കുമെന്ന് വാര്‍ത്തകള്‍ പറയുന്നു. വീതി 1.58 മീറ്ററും. പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. 180 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 800 സിസി ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ 3 സിലിണ്ടര്‍ എന്‍ജിന്‍ 57 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 74 എന്‍എം ആണ് ടോര്‍ക്ക്. ഒരു 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം മികച്ച മൈലേജാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ക്വിഡ് ഹാച്ച്ബാക്കിന്റെ പെട്രോള്‍ എന്‍ജിന്‍. സെഗ്മെന്റില്‍ മികച്ചൊരു മൈലേജ് നിരക്കാണിത് എന്നു പറയാം. സെഗ്മെന്റില്‍ ഏറ്റവും മികച്ച ബൂട്ട് സ്‌പേസും ഒരുപക്ഷേ ക്വിഡിന്റേതായിരിക്കും. 300 ലിറ്റര്‍ ബൂട്ട് സ്‌പേസുണ്ട് ഈ വാഹനത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

റിനോയും നിസ്സാനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സിഎംഎഫ് പ്ലാറ്റ്‌ഫോമില്‍ വരുന്ന ആദ്യത്തെ കാറാണിത്. ചെന്നൈയിലാണ് ഈ പ്ലാറ്റ്‌ഫോമിനു വേണ്ടിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

പൂര്‍ണമായും ഇന്ത്യയിലാണ് വികസിപ്പിച്ചെടുത്തത് എന്നതിനാലും ഘടകഭാഗങ്ങള്‍ 98 ശതമാനവും ഇന്ത്യയില്‍ നിന്ന് സോഴ്‌സ് ചെയ്യുന്നതാണ് എന്നതിനാലും വിലയില്‍ മത്സരക്ഷമത ഉറപ്പാക്കാന്‍ റിനോയ്ക്ക് സാധിക്കും.

ഡ്രൈവര്‍സൈഡ് എയര്‍ബാഗോടു കൂടിയാണ് ഈ കാര്‍ വിപണി പിടിക്കുക. മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും. എയര്‍ബാഗ് ഓപ്ഷണലായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് കാറെന്ന് റിനോ പറയുന്നു.

റിനോ ക്വിഡിന്റെ ബുക്കിങ് ഓഗസ്റ്റ് മാസത്തില്‍ തന്നെ തുടങ്ങിയിരുന്നു. 25000 രൂപയടച്ച് വാഹനം ബുക്കു ചെയ്യാവുന്നതാണ്. രാജ്യത്തെ എല്ലാ റിനോ ഷോറൂമുകളില്‍ ബുക്കിങ് സ്വീകരിക്കുന്നുണ്ട്.

Top