ബെയ്ജിംഗ്: ചൈനയിലും തരംഗം സൃഷ്ടിച്ച് പികെ. അമീര്‍ഖാന്‍ തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം റിലീസ് ചെയ്തു മൂന്നുദിവസം മാത്രം പിന്നിടുമ്പോള്‍ 35 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഒരു ഇന്ത്യന്‍ ചിത്രത്തിനു ചൈനയില്‍ നിന്നു ലഭിക്കുന്ന ഏറ്റവും കൂടിയ കളക്ഷനാണിത്.
ധൂം 3 യായിരുന്നു ഇതുവരെ കളക്ഷനില്‍ മുന്നിലുണ്ടായിരുന്നത്. ചിത്രം 19 കോടി രൂപയാണ് വന്‍മതിലിനപ്പുറത്തു നിന്നും നേടിയിരുന്നത്. ചൈനയില്‍ ഏറെ ആരാധകരുള്ള അമീര്‍ഖാന്റെ സാന്നിധ്യവും ചിത്രത്തിനു ലഭിച്ച മികച്ച നിരൂപണവുമാണ് ചൈനയില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ സഹായിച്ചത്. ഇതുവരെ 19,000 ഷോകളാണ് ചൈനയില്‍ നടത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ക്ക് പുതിയൊരു വിപണി കൂടി തുറന്നുകിട്ടിയ സന്തോഷത്തിലാണ് ബോളിവുഡും.